
വാഷിംഗ്ടൺ: ജനുവരിയിൽ കോൺഗ്രസ് അംഗത്വം രാജിവെക്കാനുള്ള തന്റെ തീരുമാനം 2028-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ. “ഞാൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല, അതിന് ആഗ്രഹമുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടുമില്ല. ആരെങ്കിലും അത് സൂചിപ്പിക്കുമ്പോൾ ഞാൻ ചിരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ,” ‘എക്‌സി’ൽ പങ്കുവെച്ച നീണ്ട പോസ്റ്റിൽ അവർ വ്യക്തമാക്കി.
ജനുവരിയിൽ സീറ്റൊഴിയുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജോർജിയൻ റിപ്പബ്ലിക്കൻ നേതാവായ ഗ്രീൻ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ദീർഘകാല സഖ്യകക്ഷിയായ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള പരസ്യമായ അകൽച്ചയുടെ പശ്ചാത്തലത്തിലാണ് ഈ രാജി പ്രഖ്യാപനം. വിദേശനയത്തിൽ ട്രംപ് അമിതമായി ശ്രദ്ധ ചെലുത്തുന്നുവെന്നും ആഭ്യന്തര വിഷയങ്ങളിൽ വേണ്ടത്ര ഇടപെടുന്നില്ലെന്നും ഗ്രീൻ ആഴ്ചകളായി വിമർശിച്ചിരുന്നു. ജെഫ്രി എപ്‌സ്റ്റീൻ കേസ് ഫയലുകൾ കൈകാര്യം ചെയ്ത രീതിയെ എതിർത്ത പ്രസിഡൻ്റിൻ്റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായി ഗ്രീൻ മാറുകയും ചെയ്തു.
ഇതിനു പകരമായി, ട്രംപ് ഗ്രീനിനെ ‘രാജ്യദ്രോഹി’ എന്ന് വിളിക്കുകയും അടുത്ത വർഷം ഗ്രീൻ്റെ ഹൗസ് സീറ്റിലേക്ക് ഒരു റിപ്പബ്ലിക്കൻ എതിരാളിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സർക്കാർ അടച്ചുപൂട്ടൽ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയെ മൊത്തത്തിൽ വിമർശിച്ചുകൊണ്ട് ഗ്രീൻ ഈയിടെയായി പാർട്ടിയുമായി അകലം പാലിക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ.














