
ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിൽ കുടിയേറ്റ റെയ്ഡുകൾക്കെതിരെയുള്ള നടക്കുന്ന പ്രതിഷേധത്തിനിടെ മുഖംമൂടി ധരിച്ചെത്തിയവർ ഒരു ആപ്പിൾ സ്റ്റോറിലും മറ്റ് നിരവധി കടകളിലും അതിക്രമിച്ച് കടന്ന് മോഷണം നടത്തി. അക്രമം പൊട്ടിപ്പുറപ്പെടുകയും കടകൾ നശിപ്പിക്കപ്പെടുകയും ചെയ്തതോടെ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് ഭരണകൂടം വെള്ളിയാഴ്ച കുടിയേറ്റ റെയ്ഡുകൾ ആരംഭിച്ചതിന് ശേഷം ദിവസങ്ങളായി നഗരം വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഇതിനിടെയാണ് മുഖംമൂടി ധരിച്ച ഒരു സംഘം ജനൽ തകർത്ത് ഒരു ആപ്പിൾ സ്റ്റോറിലേക്ക് ഇരച്ചുകയറി ഉൽപ്പന്നങ്ങൾ മോഷ്ടിച്ചത്. അവർ കെട്ടിടത്തിൽ ചുവരെഴുത്തുകളും നടത്തി. ഓൺലൈനിൽ പങ്കുവെച്ച വീഡിയോകളിൽ അഡിഡാസ് സ്റ്റോറുകൾ, ഫാർമസികൾ, മരിജുവാന ഡിസ്പെൻസറികൾ, ആഭരണക്കടകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് കടകളും നശിപ്പിക്കപ്പെട്ടതായി കാണാം. ഈ കടകളിലെ ഷെൽഫുകൾ പൂർണ്ണമായും ഒഴിഞ്ഞ നിലയിലായിരുന്നു.
ആപ്പിൾ സ്റ്റോറിൽ നടന്ന കവർച്ചയുടെ സ്ഥലത്തുനിന്ന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തുവെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ഓഫീസർ ക്രിസ് മില്ലർ പറഞ്ഞു. കൂടാതെ മറ്റ് രണ്ട് പേർ കൂടി പിടിയിലായിട്ടുണ്ട്.