
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബുറാബസാറിലെ ഒരു ഹോട്ടലില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി ബുറാബസാറിലെ മെച്ചുവ പഴച്ചന്ത പ്രദേശത്തുള്ള ഹോട്ടല്‍ ഋതുരാജില്‍ രാത്രി 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് ചാടിയ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം, അഗ്‌നിശമന സേനാംഗങ്ങളും ദുരന്തനിവാരണ സംഘത്തിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. ഹോട്ടലിന്റെ വിവിധ മുറികളില്‍ നിന്ന് 13 കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. നിരവധി പേരെ രക്ഷപ്പെടുത്തിയതായും പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.