
സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ ഒരു ജഡ്ജിയുടെ വീട് ഞായറാഴ്ച തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ചാള്‍സ്റ്റണിന് തെക്കുള്ള എഡിസ്റ്റോ ഐലന്‍ഡിലെ സര്‍ക്യൂട്ട് കോടതി ജഡ്ജി ഡയാന്‍ ഗുഡ്സ്‌റ്റൈന്റെ വീടാണ് അഗ്നിബാധയില്‍ തകര്‍ന്നത്. സംഭവ സമയത്ത് ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ ഭര്‍ത്താവിനും മകനും വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റതായും ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
ഡയാന്‍ ഗുഡ്സ്‌റ്റൈന്‍ തന്റെ നായ്ക്കളെ നടക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് തീപിടുത്തം ആരംഭിച്ചതെന്നാണ് വിവരം. തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവരുടെ ഭര്‍ത്താവും മുന്‍ സംസ്ഥാന സെനറ്ററുമായ ആര്‍നോള്‍ഡ് ഗുഡ്സ്‌റ്റൈനും മകനും മറ്റൊരു താമസക്കാരനും ഒന്നാം നിലയില്‍ നിന്ന് തീയില്‍ നിന്ന് ചാടുകയായിരുന്നു. ഒരാളെ ചാള്‍സ്റ്റണിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് കരോലിന ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. മറ്റ് രണ്ട് പേരെ വാഹനങ്ങളിലായാണ് അവിടെ എത്തിച്ചതെന്ന് കോളെട്ടണ്‍ കൗണ്ടി ഫയര്‍-റെസ്‌ക്യൂ അറിയിച്ചു. പരുക്കേറ്റവരുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
സൗത്ത് കരോലിന ലോ എന്‍ഫോഴ്സ്മെന്റ് ഡിവിഷന്‍ സംഭവസ്ഥലത്ത് എത്തി തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് സൗത്ത് കരോലിന സുപ്രീം കോടതി പ്രസ്താവനയില്‍ പറഞ്ഞു. ”പ്രാദേശിക നിയമ നിര്‍വ്വഹണ പങ്കാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധിക പട്രോളിംഗും സുരക്ഷയും നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.