വ്യാപക കുടിയേറ്റ പരിശോധനയും 44 അറസ്റ്റും ; ലോസ് ഏഞ്ചല്‍സില്‍ കനത്ത പ്രതിഷേധം, പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീര്‍ വാതകവും കുരുമുളക് സ്‌പ്രേയും

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ വ്യാപക കുടിയേറ്റ പരിശോധനയും അറസ്റ്റുമുണ്ടായതോടെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനം. കുടിയേറ്റ പരിശോധനയില്‍ വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ 44 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് നിയമപാലകര്‍ക്ക് കനത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. ഇതോടെ ജനങ്ങള്‍ക്കുനേരെ ഫ്‌ലാഷ് ബാംഗ് ഉപയോഗിച്ചതോടെ പ്രതിഷേധം കടുക്കുകയായിരുന്നു. നഗരത്തിലുടനീളമുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ പരിശോധനയെത്തുടര്‍ന്ന് യുഎസ് പൊലീസും പ്രതിഷേധക്കാരും ലോസ് ഏഞ്ചല്‍സ് നഗരമധ്യത്തില്‍ ഏറ്റുമുട്ടുകയും ഡസന്‍ കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

എഫ്ബിഐയുടെയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്റെയും പിന്തുണയോടെ ഐസിഇ നടത്തിയ ഫെഡറല്‍ ഇമിഗ്രേഷന്‍ പരിശോധനയെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സാന്‍ ഡീഗോയിലും മിനിയാപൊളിസിലും സമാനമായ പ്രതിഷേധങ്ങള്‍ അടുത്തിടെ ഉണ്ടായി, എന്നാല്‍, ഇത് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റുമായി ബന്ധപ്പെട്ടതല്ല, ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ടതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ലോസ് ഏഞ്ചല്‍സ് ഫെഡറല്‍ കെട്ടിടത്തിന്റെ ഗാരേജ് പ്രവേശന കവാടം തടഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കുരുമുളക് സ്‌പ്രേ പോലും ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വൈകുന്നേരം, ലോസ് ഏഞ്ചല്‍സിലെ ഒരു ഫെഡറല്‍ തടങ്കല്‍ കേന്ദ്രത്തിന് പുറത്ത് ഡസന്‍ കണക്കിന് ആളുകള്‍ തടിച്ചുകൂടി, ‘അവരെ വിട്ടയക്കൂ, അവരെ താമസിക്കാന്‍ അനുവദിക്കൂ!’ എന്ന് ജനക്കൂട്ടം ആക്രോശിക്കുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്തവരെ അവിടെ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകവും ഉപയോഗിച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂട്ട നാടുകടത്തല്‍ ശ്രമങ്ങളുടെ ഭാഗമായി ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ രാജ്യവ്യാപകമായി അറസ്റ്റുകള്‍ വര്‍ദ്ധിപ്പിച്ചു.

അതേസമയം, രാജ്യത്ത് നിയമവിരുദ്ധമായി ആളുകളെ പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തിരച്ചില്‍ വാറണ്ടുകള്‍ ഫെഡറല്‍ ഏജന്റുമാര്‍ നടപ്പിലാക്കുകയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് പറഞ്ഞു.

More Stories from this section

family-dental
witywide