
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയും അഭിമാനവുമായ ഫോമയുടെ 2026 ല്‍ ഹൂസ്റ്റണില്‍ വെച്ചു നടക്കുന്ന ഇന്റര്‍നാഷന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആയി മാത്യൂസ് മുണ്ടക്കലിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ് , ട്രെഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് , ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രെഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. ഫോമയുടെ സജീവ പ്രവര്‍ത്തകനായ മാത്യൂസ്, ഫോമയുടെ മുന്‍ റീജിയണല്‍ വൈസ് പ്രെസിഡെന്റ്യും നാഷണല്‍ കമ്മിറ്റി അംഗവും ആയിരുന്നു .
ഹൂസ്റ്റണ്‍ മലയാളികള്‍ക്കിടയില്‍ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായി അറിയപ്പെടുന്ന നേതാവാണ് മാത്യൂസ് മുണ്ടക്കല്‍. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ന്റെ 2024 ലെ പ്രസിഡന്റ് ആയിരുന്ന മാത്യൂസ്, അസോസിയേഷന്റെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്കു വന്ന അദ്ദേഹം വേള്‍ഡ് മലയാളി കൌണ്‍സില്‍ നാഷണല്‍ യൂത്ത് ഫോറം ചെയര്‍മാനും ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാനും ആയിരുന്നു. ആത്മാര്‍ത്ഥമായ നേതൃത്വ പാടവവും വ്യക്തമായ നിലപാടുകളും ഉള്ളതിനാല്‍ ആണ് അദ്ദേഹത്തെ തേടി സ്ഥാനമാനങ്ങള്‍ എത്തുന്നതെന്ന് മാഗിന്റെ പുതിയ പ്രസിഡന്റ് ജോസ് കെ. ജോണ്‍ അഭിപ്രായപ്പെട്ടു.
വര്‍ണാഭമായ കലാസാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാമിലി കോണ്‍വെന്‍ഷനാണ് ഹൂസ്റ്റണില്‍ വിഭാവനം ചെയ്യുന്നതെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂസ് മുണ്ടക്കലും ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരനും അറിയിച്ചു. അതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസക്കാരനാണ്. റീറ്റെയ്ല്‍ ബിസിനസ്സ്, മാത്യൂസണ്‍സ് റീയല്‍റ്റി മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന മാത്യൂസ് മുണ്ടക്കല്‍ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയല്‍റ്റര്‍ കൂടിയാണ് . ഭാര്യ റീന, മക്കള്‍ അലീഷ്യ, ആരന്‍, അനോര എന്നിവരോടൊപ്പം മിസ്സൂരി സിറ്റിയില്‍ താമസിക്കുന്നു. കേരളത്തില്‍ പത്തനംതിട്ട ആണ് സ്വദേശം.