
ന്യൂയോർക്ക്: ജെഫ്രി എപ്‌സ്റ്റൈൻ, ഗിസ്‌ലെയിൻ മാക്‌സ്‌വെൽ, സീൻ ഡിഡി കോംബ്സ് എന്നിവർക്കെതിരായ കേസുകൾ കൈകാര്യം ചെയ്ത ന്യൂയോർക്ക് ഫെഡറൽ പ്രോസിക്യൂട്ടർ മൗറീൻ കോമിയെ ജൂലൈ 16-ന് പുറത്താക്കിയതായി മാധ്യമ റിപ്പോർട്ടുകൾ. എബിസി ന്യൂസും പൊളിറ്റിക്കോയും റിപ്പോർട്ട് ചെയ്തതനുസരിച്ച്, പുറത്താക്കിയതിന്‍റെ കാരണം വ്യക്തമല്ല.
ഹാർവാർഡ് ലോ സ്കൂൾ ബിരുദധാരിയും ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ ഓഫീസിലെ ദീർഘകാല പ്രോസിക്യൂട്ടറുമാണ് കോമി. 2017-ൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്താക്കുകയും ട്രംപിന്‍റെ കോപത്തിന് പലപ്പോഴും ഇരയാവുകയും ചെയ്യുന്ന മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയുടെ മകൾ കൂടിയാണ് മൗറീൻ കോമി.
ജീവനക്കാരെ പിരിച്ചുവിടാൻ പ്രസിഡന്‍റിനുള്ള വിപുലമായ ഭരണഘടനാപരമായ അധികാരങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരു മെമ്മോ മൗറീൻ കോമിക്ക് ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് അറിയാവുന്ന രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് വാർത്ത നൽകിയത്. പുറത്താക്കലിനെക്കുറിച്ച് പ്രതികരിക്കാൻ നീതിന്യായ വകുപ്പിന്‍റെ ഡിസി ആസ്ഥാനത്തെ വക്താക്കൾ തയാറായില്ല.













