
വാഷിംഗ്ടണ്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കു പോകുന്ന യുഎസിലെ മയോ ക്ലിനിക്കിനെ ഇപ്പൊ മലയാളിക്കും കേട്ടുപരിചയമുണ്ട്. 36ാം വര്‍ഷവും യുഎസില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇതേ മയോ ക്ലിനിക്കാണ്. 2025 – 2026 ലെ യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടിന്റെ ‘മികച്ച ആശുപത്രികളു’ടെ റാങ്കിങ്ങിലാണ് മയോ ക്ലിനിക് ഒന്നാമത് എത്തിയത്.
ക്ലിനിക്കല്‍ പ്രാക്ടീസ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെ നവീകരണത്തിനും വേണ്ടിയുള്ള അത്യാധുനിക ആരോഗ്യ പരിചരണ സ്ഥാപനമാണ് മയോ ക്ലിനിക്. അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ല്‍, ഫീനിക്‌സ്, ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ, മിനസോട്ടയിലെ റോച്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ക്യാംപസുകളുള്ള മയോ ക്ലിനിക് ലാഭേച്ഛയില്ലാത്ത ആശുപത്രി സംവിധാനം കൂടിയാണ്.
‘ആരോഗ്യ സംരക്ഷണത്തിലെ ഒന്നാം സ്ഥാനക്കാരായി വീണ്ടും അംഗീകരിക്കപ്പെട്ടതില്‍ അഭിമാനിക്കുന്നു. ജീവനക്കാരുടെ പ്രതിബദ്ധതയുടെയും, മികവ്, നവീകരണം, രോഗീപരിചരണം എന്നിവയോടുള്ള സമര്‍പ്പണത്തിന്റെയും പ്രതിഫലനമാണിത്.’ എന്ന് മയോ ക്ലിനിക് പ്രസിഡന്റും സിഇഒയുമായ എം.ഡി. ഗിയാന്റിക്കോ ഫാറൂഗിയ പറയുന്നു.
കണക്കുകള്‍ പ്രകാരം, 7,300ലധികം ഫിസിഷ്യന്‍മാരും ക്ലിനിക്കല്‍ റെസിഡന്റുകളും 66,000-ത്തിലധികം ആരോഗ്യ ജീവനക്കാരും ഉള്‍പ്പെടെ 76,000 പേരാണ് മയോ ക്ലിനിക്കില്‍ ജോലി ചെയ്യുന്നത്.