
ജീമോൻ റാന്നി
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തുന്ന സീസൺ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുന്നു. ഇതിനായി മേയർ റോബിൻ ഇലക്കാട്ട് അഡ്വൈസറി ചെയർമാനായി ടിസാക് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനോടൊപ്പം ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരടങ്ങിയ ടിസക് ടീമാണ് വടം വലിമത്സരത്തിന്റെ അണിയറയിലുള്ളത്
നിരവധി വടംവലി മത്സരങ്ങൾ നടത്തി പരിചയസമ്പന്നരായ ചാക്കോച്ചൻ മേടയിൽ, ലൂക്ക് കിഴക്കെപുറത്ത് എന്നിവരാണ് ടൂർണമെന്റ് കോർഡിനേറ്റർമാർ.
ഡാനി വി രാജു (പ്രസിഡണ്ട്) ജിജോ കരോട്ട് മുണ്ടക്കൽ (സെക്രട്ടറി), റിമൽ തോമസ് (ട്രഷറർ) ജിജു കുളങ്ങര (പിആർഓ) ജോയ് തയ്യിൽ (വൈസ് പ്രസിഡണ്ട്) മാത്യുസ് കറുകക്കളം (ജോയിന്റ് സെക്രട്ടറി) ഫിലിപ്പ് ചോരത്ത് (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഫോർട്ട് ബെൻഡ് കൗണ്ടി എപ്പിസെന്ററിൽവെച്ച് (Fort bend County Epicenter – Indoor air- conditioning) ഓഗസ്ത് 9 നു ശനിയാഴ്ച്ചയാണ് മത്സരം.
ഓഗസ്റ്റ് 9 നു രാവിലെ മുതൽ വൈകുന്നേരം വരെ ഫോർട്ബെൻഡ് കൗണ്ടി എപിക് സെന്ററിൽ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇൻഡോർ വടംവലിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നു അഡ്വൈസറി ചെയർമാൻ റോബിൻ ഇലക്കാട്ട് പറഞ്ഞു.
യുഎസ്എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികൾക്കുമാത്രമല്ല, പങ്കെടുക്കുന്നവർക്കും
ക്യാഷ് അവാർഡുകളും നൽകുന്ന ഈ വൻ പരിപാടിക്ക് രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് ബഡ്ജറ്റ് ചെയ്തിരിക്കുന്നതെന്ന് പിആർഓ ജിജു കുളങ്ങര പറഞ്ഞു,
പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തിൽ 35 ബോർഡ് ഓഫ് ഡയറക്ടർസ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവർത്തങ്ങൾക്കും നേതൃത്വം നൽകി വരുന്നു.