
വാഷിംഗ്ടൺ: യുക്രൈൻ – റഷ്യ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് വ്യക്തിപരമായ ഒരു കത്തയച്ചു. രണ്ട് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അലാസ്കയിൽ നടന്ന ഉച്ചകോടി ചർച്ചകൾക്കിടെ പ്രസിഡൻ്റ് ട്രംപ് ഈ കത്ത് പുടിന് കൈമാറിയതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. സ്ലോവേനിയൻ വംശജയായ മെലാനിയ ട്രംപ് അലാസ്കയിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നില്ല.
യുക്രൈൻ യുദ്ധത്തിൻ്റെ ഫലമായി കുട്ടികളെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് കത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് മാത്രമാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. കത്തിലെ ഉള്ളടക്കം അവർ കൂടുതൽ വിശദീകരിച്ചില്ല. ഈ കത്തിനെക്കുറിച്ച് ഇതിനുമുമ്പ് റിപ്പോർട്ടുകളൊന്നും ഉണ്ടായിരുന്നില്ല. യുക്രൈനിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റഷ്യയുടെ നടപടി യുക്രൈനെ സംബന്ധിച്ച് വളരെ വൈകാരികമായ വിഷയമാണ്. പതിനായിരക്കണക്കിന് യുക്രേനിയൻ കുട്ടികളെ കുടുംബത്തിൻ്റെയോ രക്ഷിതാക്കളുടെയോ അനുമതിയില്ലാതെ റഷ്യയിലേക്കോ റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങളിലേക്കോ കടത്തിയെന്ന് യുക്രൈൻ ആരോപിക്കുന്നു. യുഎൻ ഉടമ്പടി പ്രകാരം ഇത് വംശഹത്യയുടെ നിർവചനത്തിൽ വരുന്ന ഒരു യുദ്ധക്കുറ്റമാണെന്നും യുക്രൈൻ പറയുന്നു.
അതേസമയം, റഷ്യ ഈ ആരോപണങ്ങളെ നിഷേധിക്കുകയും, യുദ്ധമേഖലയിൽ നിന്നുള്ള ദുർബലരായ കുട്ടികളെ സംരക്ഷിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2022-ൽ റഷ്യ യുക്രൈനെ പൂർണ്ണമായി ആക്രമിക്കാൻ തുടങ്ങിയത് മുതൽ ലക്ഷക്കണക്കിന് യുക്രേനിയൻ കുട്ടികൾ ദുരിതമനുഭവിച്ചുവെന്നും അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും യുഎൻ മനുഷ്യാവകാശ ഓഫീസ് പറഞ്ഞിരുന്നു. അലാസ്കയിലെ ആങ്കറേജിലുള്ള യുഎസ് സൈനിക താവളത്തിൽ വെച്ച് ട്രംപും പുടിനും മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെങ്കിലും, യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ ഒരു ധാരണയിലും എത്തിയിട്ടില്ല.











