ബാരൺ ട്രംപിന് സീറ്റ് നിഷേധിച്ചതിലെ പ്രതികാരമോ? ഹാർവര്‍ഡിനെതിരെയുള്ള നടപടികളിൽ വിവാദം, പ്രചരണം തള്ളി മെലാനിയ

വാഷിംഗ്ടണ്‍: ബാരൺ ട്രംപിന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രതികാരമാണ് ട്രംപ് ഭരണകൂടം ഹാർവാർഡിനെതിരെ നടപടിയെടുക്കാൻ കാരണമെന്ന വ്യാപകമായ പ്രചാരണങ്ങളെ തള്ളി ഫസ്റ്റ് ലേഡി മെലാനിയ ട്രംപ്. ബാരൺ ഹാർവാർഡിൽ അപേക്ഷിച്ചിട്ടില്ലെന്ന് വ്യാഴാഴ്ച മെലാനിയ ട്രംപിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നിക്കോളാസ് ക്ലെമെൻസ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
19 വയസ്സുകാരനായ ബാരൺ ട്രംപ് നിലവിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്. യൂണിവേഴ്സിറ്റിയിലേക്കുള്ള എല്ലാ ഫെഡറൽ ഫണ്ടിംഗും ഭരണകൂടം റദ്ദാക്കിയതിന് ശേഷമാണ് ബാരണിനെ ഹാർവാർഡ് വിഷയവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ ശക്തിപ്പെട്ടത്.

ഹാർവര്‍ഡിന് നൽകിയ എല്ലാ കരാറുകളും പിൻവലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. ഹാർവാർഡുമായുള്ള ഫെഡറൽ സർക്കാരിന്‍റെ ശേഷിക്കുന്ന 100 മില്യൺ ഡോളറിന്‍റെ കരാറുകൾ റദ്ദാക്കണമെന്ന് യുഎസ് സർക്കാർ ഫെഡറൽ ഏജൻസികൾക്ക് അയച്ച കത്തില്‍ പറയുന്നു. കൂടാതെ, ഭാവിയിൽ മറ്റുവഴികൾ കണ്ടെത്താനും ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരുമായുള്ള ഹാർവാർഡിന്‍റെ ദീർഘകാല ബന്ധം പൂർണ്ണമായി വിച്ഛേദിക്കുകയാണ് എന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ, ജൂൺ ആറിനകം കരാറുകൾ റദ്ദാക്കിയതിന്‍റെ ഒരു പട്ടിക സഹിതം പ്രതികരിക്കാൻ ഫെഡറൽ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അനുമതിക്കും ട്രംപ് ഭരണകൂടം വ്യാഴാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സർവകലാശാലയിൽ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നും ഭരണകൂടം അറിയിച്ചു.

More Stories from this section

family-dental
witywide