
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും യുഎസ് പ്രഥമവനിതയുമായ മെലനിയ ട്രംപ് ചുറ്റിപ്പറ്റിയുള്ള ഒരു ദുരൂഹതാ വാദത്തിന് വീണ്ടും ചൂടുപിടിക്കുന്നു. ഏപ്രിൽ 25ന് ഡോണൾഡ് ട്രംപും മെലനിയയും ഒരു ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നതിന്റെ വിഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോൾ ട്രംപിനൊപ്പം ഇറങ്ങിയത് മെലനിയ ട്രംപ് അല്ലെന്നും അവരുടെ ഡ്യൂപ്പ് ആണെന്നുമാണ് ചില വാദങ്ങൾ ഉയർന്ന് വന്നിട്ടുള്ളത്. യുഎസിന്റെ ഏറ്റവും ഗ്ലാമറസായ പ്രഥമവനിതകളിലൊരാളാണ് മെലനിയ. വേഷവിധാനത്തിലും നടപ്പിലുമെല്ലാം അവർക്ക് കൃത്യമായ ഒരു സ്റ്റൈൽ ഉണ്ട്.
എന്നാൽ വിഡിയോയിൽ കാണുന്ന മെലനിയ വളരെ പരന്ന പാദരക്ഷകളും സാധാരണ ജാക്കറ്റുകളുമൊക്കെയാണു ധരിച്ചിട്ടുള്ളത്. ഇതാണ് ഇത്തരമൊരു വാദം ഉയർന്ന് വരാനുള്ള കാരണം. മെലനിയ സാധാരണ നടക്കുന്ന രീതിയിലല്ല ഈ വിഡിയോയിലെ മെലനിയ നടന്നതെന്നും ഈ വാദം ഉയർത്തുന്നവർ പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെ ട്രംപിനൊപ്പം മെലനിയ പങ്കെടുത്ത പല പൊതുപരിപാടികളും ഇതുപോലെ നിരീക്ഷണത്തിന്റെയും സംശയത്തിന്റെയും നിഴലിലായി. എന്നാൽ ഈ ഗൂഢവാദം പണ്ടുമുതലേ ഉള്ളതാണ്. 2017ൽ ഡോണൾഡ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റ് പദത്തിലെത്തിയപ്പോൾ മുതൽ ഇത്തരത്തിലുള്ള ദുരൂഹതാ വാദം പ്രചരിക്കാറുള്ളതാണ്.