
ഗംഗാവലിയുടെ ആഴങ്ങളില്‍ മലയാളികളുടെ ശ്രമങ്ങള്‍ വിഫലമാകുന്നത് കാണേണ്ടിവന്ന ദിനങ്ങള്‍ മലയാളികള്‍ വീണ്ടും ഓര്‍മ്മിക്കുന്നു. ജീവിത സ്വപ്‌നങ്ങളുമായി ഷിരൂരിലെ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ മരണംവരിച്ച അര്‍ജു(32)ന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയോരത്ത് ലോറി നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അര്‍ജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് സമാനതകളില്ലാത്ത തിരച്ചിലിനാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. സെപ്റ്റംബര്‍ 25ന് വൈകിട്ടോടെയാണ് അര്‍ജുന്റെ ലോറിയും മൃതദേഹാവശിഷ്ടങ്ങളും പുഴയില്‍ നിന്നും ലഭിച്ചത്. ഇതോടെ 72 ദിവസങ്ങള്‍ക്കൊടുവില്‍ അര്‍ജുന്‍ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു.
മണ്ണിടിച്ചിലില്‍ അര്‍ജുന്റെ ലോറി പെട്ടുപോയത് അറിയാന്‍ വൈകി എന്നതായിരുന്നു ആദ്യ വെല്ലുവിളി. ആദ്യം ദേശീയ പാതയോട് ചേര്‍ന്നും പുഴക്കരയിലുമായിരുന്നു തിരച്ചില്‍. എട്ടാം ദിവസമാണ് തിരച്ചില്‍ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. കരയില്‍ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അര്‍ജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം മുന്നോട്ടുവന്നു. പല തവണ നിര്‍ത്തിവച്ച തിരച്ചില്‍ വീണ്ടും പുനരാരംഭിക്കാനും അര്‍ജുനെ കണ്ടെത്താനും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു ഷിരൂരില്‍ നടന്നത്.
അര്‍ജുന്‍ മലയാളികള്‍ക്ക് എന്നുമൊരു നീറുന്ന ഓര്‍മ്മയാണ്. അര്‍ജുന്‍ എന്ന പേരുകൊണ്ടു മാത്രം, ഒരിക്കല്‍ പോലും നേരില്‍ക്കാണാത്ത, ജീവിത പ്രാരാബ്ധങ്ങള്‍ പേറിയ ചെറുപ്പക്കാരനായി കേരളം കണ്ണീരൊഴുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ദിനങ്ങള്‍ പക്ഷേ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയാണ് കടന്നുപോയത്.
കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍, ഭാര്യ, കുഞ്ഞ് ഒരു അനിയന്‍ ഇവരുടെയെല്ലാം ആശ്രയമായിരുന്നു അര്‍ജുന്‍. വാര്‍ത്തകളിലൂടെ മാത്രം അര്‍ജുനെ കണ്ട് പരിചയമുള്ള നൂറുകണക്കിനാളുകളാണ് ഹൃദയം നുറുങ്ങി കണ്ണാടിക്കലിലെ വീട്ടിൽ അർജുന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിച്ചത്.










