
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ റെഡ്മണ്ട് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെൻകാ സോണി ഭഗവദ്ഗീതയിൽ സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ വനിതയാണ് മെൻകാ സോണി. തന്‍റെ സത്യപ്രതിജ്ഞ തന്‍റെ മൂല്യങ്ങൾ, സംസ്കാരം, ആത്മീയ അടിത്തറ എന്നിവയെ പ്രതിഫലിക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് ഗീത തെരഞ്ഞെടുത്തതെന്ന് മെൻകാ സോണി പറഞ്ഞു.
“ഞാൻ വളരെ ആത്മീയമായി ചിന്തിക്കുന്ന വ്യക്തിയാണ്. എന്‍റെ വീട്ടിൽ ഒരു ചെറിയ അമ്പലമുണ്ട്, ഞാൻ ഒരു വെജിറ്റേറിയനാണ്. നവരാത്രി, ഹോളി, ദീപാവലി എന്നിവയെല്ലാം ഞാൻ ആഘോഷിക്കാറുണ്ട്. മനസ്കൊണ്ട് ഞങ്ങൾ ഇന്ത്യ വിട്ടുപോയിട്ടില്ല” അവർ പറഞ്ഞു. ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് തനിക്ക് സ്വാഭാവികമായി തോന്നിയെന്നും സോണി കൂട്ടിച്ചേർത്തു. “ഞാൻ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നപ്പോൾ, ഗീതയുടെ ആശയം എന്നോടൊപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു, കാരണം എന്‍റെ മൂല്യങ്ങൾ അതിനോട് യോജിക്കുന്നതാണ്, എന്‍റെ സംസ്കാരം അതിലൂടെയാണ് പ്രതിനിധീകരിക്കപ്പെടുന്നത്. അതിനുള്ള അനുമതി എനിക്ക് ലഭിച്ചു” – മെൻകാ സോണി കൂട്ടിച്ചേര്‍ത്തു.
അമേരിക്കൻ പൊതുജീവിതത്തിൽ ഇന്ത്യൻ വംശജരായ നേതാക്കൾക്കിടയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഭഗവദ്ഗീത തിരഞ്ഞെടുക്കുന്നവരുടെ പട്ടികയിലേക്കാണ് മെൻകാ സോണിയും എത്തിയിട്ടുള്ളത്. ഈ വർഷം ഫെബ്രുവരിയിൽ, ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറായി ഭഗവദ്ഗീതയിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. യുഎസ് ഈസ്റ്റ് കോസ്റ്റിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസുകാരനായി മാറിയ സുഹാസ് സുബ്രഹ്മണ്യം ജനുവരിയിൽ ഗീതയെ സാക്ഷിയാക്കിയാണ് സത്യപ്രതിജ്ഞ ചെയ്തു.











