ദില്ലി: കനത്ത മൂടല്‍മഞ്ഞ് കാരണം ഫുട്ബോൾ ഇതിഹാസ താരം ലിയോണൽ മെസിയുടെ ദില്ലി സന്ദര്‍ശനം വൈകുന്നു. മെസി ഡല്‍ഹിയിലെത്തേണ്ട വിമാനത്തിന് ഇതുവരെ മുംബൈയില്‍ നിന്ന് പുറപ്പെടാനായിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകള്‍.
അതേസമയം, മലയാളികള്‍ അടക്കമുള്ള ആരാധകരുടെ നീണ്ടനിര തന്നെ മെസിയെ നേരില്‍ക്കാണാനായി ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്തുണ്ട്. 6000 രൂപ കൊടുത്താണ് മെസിയെ കാണാന്‍ ടിക്കറ്റെടുത്തതെന്നും വൈകിയാലും മെസിയെ ഒന്ന് കണ്ടാല്‍ മതിയെന്നും മലയാളികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ദില്ലിയില്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് അകത്തേക്ക് ആരാധകരെ പ്രവേശിപ്പിച്ചു തുടങ്ങി. സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരത്തിലും മെസി കളിക്കുന്നുണ്ട്. അതേസമയം, കനത്ത പുകമഞ്ഞു മൂലം ദില്ലി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ദില്ലിയിൽ പുകമഞ്ഞ് ശക്തമാകാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപെട്ടു.
Messi’s Delhi visit delayed as fog hits











