യുഎസിൽ ഇൻസ്റ്റഗ്രാമിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ ; കട്ട കലിപ്പിൽ യൂസർമാർ

യുഎസിൽ കഴിഞ്ഞയാഴ്ച മെറ്റ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിച്ച ഒരു പുതിയ ഫീച്ചർ യൂസർമാരെ കലിപ്പിലാക്കി. ഉപഭോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ പങ്കുവെക്കാനും മറ്റുള്ളവരുടെ ലൊക്കേഷൻ അറിയാനും സാധിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസരണം ഉപയോഗിക്കാവുന്ന ഓപ്റ്റ്-ഇൻ ഫീച്ചറാണിതെന്നും സുഹൃത്തുക്കൾക്കൊപ്പം അപ് റ്റു ഡേറ്റ് ആയിരിക്കാൻ ഇത് സഹായിക്കുമെന്നും കമ്പനി പറയുന്നു.

എന്നാൽ, ഈ ഫീച്ചറിൽ ചില ഉപഭോക്താക്കൾ ഒരു ജനപ്രിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി തങ്ങളുടെ ലൊക്കേഷൻ പങ്കുവെക്കുന്നതിൻ്റെ ആശങ്കയിലാണ് ഇപ്പോൾ. 2012 ൽ ഫെയ്സ്ബുക്കിൽ അവതരിപ്പിച്ച ‘ഫൈൻഡ് പീപ്പിൾ നിയർബൈ’ എന്ന ഫീച്ചർ തന്നെയാണിത്. ഫെയ്‌സ്ബുക്ക് യൂസർമാർ ലൊക്കേഷൻ അനുമതി നൽകുമ്പോൾ അവരുടെ ലൊക്കേഷൻ മറ്റുള്ളവരുമായി പങ്കുവെക്കുകയും അതുവഴി ആരെല്ലാം സമീപത്തുണ്ടെന്ന് അറിയാൻ സാധിക്കുകയും ചെയ്യുന്ന ഫീച്ചറായിരുന്നു ഇത്. എന്നാൽ സ്വകാര്യതാ പ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഫെയ്‌സ്ബുക്ക് ഈ ഫീച്ചർ പിൻവലിച്ചു.

ഈ ഫീച്ചറിൽ എതിർപ്പുമായി കണ്ടൻ്റ് ക്രിയേറ്റർമാരും രംഗത്ത് എത്തിയിട്ടുണ്ട്. പോസ്റ്റുകൾക്കൊപ്പം ലൊക്കേഷൻ പങ്കുവെച്ചതിനെ തുടർന്ന് തൻ്റെ ലൊക്കേഷൻ മാപ്പിൽ വരികയും അപരിചിതരിൽ നിന്ന് നിരന്തരം സന്ദേശങ്ങൾ വരികയും ചെയ്തതിൽ അസ്വസ്ഥരായ കണ്ടൻ്റ് ക്രിയേറ്റർമാരാണ് എതിർപ്പുമായി എത്തിയത്.
ലൊക്കേഷൻ ഫീച്ചർ വരുന്നതിന് മുമ്പ് ലൊക്കേഷൻ ഉൾപ്പടെ നൽകി പങ്കുവെച്ച പോസ്റ്റുകളും ഈ മാപ്പിൽ കാണിക്കുന്നതിൽ ചില ഉപഭോക്താക്കൾ അമർഷം രേഖപ്പെടുത്തി രംഗത്തുവന്നു.

പുതിയ മാപ്പ് ഫീച്ചർ ഇൻസ്റ്റഗ്രാമിലെ മെസേജ് ഇൻബോക്സിന് മുകളിലായാണ് നൽകിയിരിക്കുന്നത്. ഇത് വഴി ഉപഭോക്താക്കൾക്ക് അവരുടെ ലൈവ് ലൊക്കേഷൻ സുഹൃത്തുക്കളുമായി പങ്കുവെക്കാനാവും. പോസ്റ്റുകൾക്കൊപ്പം ലൊക്കേഷൻ പങ്കുവെക്കുമ്പോഴും മാപ്പിൽ മറ്റുള്ളവർക്ക് അത് കാണാനാവും. ഡിഫോൾട്ടായി ഈ ഓപ്ഷൻ ഓഫ് ആയിരിക്കും. ഉപഭോക്താക്കൾ തിരഞ്ഞെടുത്താൽ മാത്രമേ ആക്ടിവേറ്റാവൂ. ലൊക്കേഷൻ ആരെല്ലാം കാണണം എന്ന് തീരുമാനിക്കാനും ഉപഭോക്താവിന് സാധിക്കും.

അതേസമയം, ഉയർന്നുവന്ന പരാതികളെ തുടർന്ന് ഫീച്ചറിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചു. ഇൻസ്റ്റാഗ്രാം മാപ്പ് സെറ്റിങ്സിൽ നിന്ന് തത്കാലം ലൊക്കേഷൻ ഷെയറിങ് ഓഫ് ചെയ്‌തുവെക്കാനുള്ള സൗകര്യം ലഭ്യമാണ്. ഇത് ഉപയോഗിച്ച് ലൊക്കേഷൻ പങ്കുവെക്കുന്നത് നിർത്തിവെക്കാം. ഇതോടൊപ്പം പോസ്റ്റുകൾക്കൊപ്പം ലൊക്കേഷൻ പങ്കുവെക്കുന്നതും ഒഴിവാക്കാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

More Stories from this section

family-dental
witywide