
കാലിഫോർണിയ: എ ഐ നിയന്ത്രിത ഹ്യൂമനോയിഡ് റോബോട്ടുകളിലേക്ക് നിക്ഷേപം നടത്താൻ തയാറെടുത്ത് മെറ്റ. ഓഗ്‌മെന്‍റഡ് റിയാലിറ്റിയിലേക്കും ആർട്ടിഫിഷ്യൽ ഇന്‍റജൻസിലേക്കും നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് ഈ നീക്കം. ഈ വിഭാഗത്തിലേക്ക് കമ്പനി ഗണ്യമായ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.
മനുഷ്യരെപ്പോലെ പ്രവർത്തിക്കാനും ശാരീരികാധ്വാനം വേണ്ട ജോലികളിൽ സഹായിക്കാനും കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് റോബോട്ടുകളെ നിർമിക്കുന്നതിനായി അതിന്റെ ‘റിയാലിറ്റി ലാബ്‌സ് ഹാർഡ്‌വെയർ ഡിവിഷനി’ൽ ഒരു പുതിയ ടീമിനെ രൂപീകരിക്കാൻ ഒരുങ്ങുകയാണ് മെറ്റ.തുടക്കത്തിൽ ‘മെറ്റ’ ബ്രാൻഡഡ് റോബോട്ടുകളെ നിർമിക്കാൻ പദ്ധതിയിട്ടിട്ടില്ല. എന്നാൽ, ഭാവിയിൽ അങ്ങനെ ചെയ്യുന്നത് പരിഗണിച്ചേക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
വീട്ടുജോലികളിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ ഹാർഡ്‌വെയർ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിലവിലെ പദ്ധതി. നിരവധി കമ്പനികൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന റോബോട്ടുകൾക്കായുള്ള അടിസ്ഥാന എഐ സെൻസറുകൾ, സോഫ്റ്റ്‌വെയർ എന്നിവ നിർമിക്കുക എന്നതാണ് തങ്ങളുടെ വലിയ അഭിലാഷമെന്ന് മെറ്റ വൃത്തങ്ങൾ പറഞ്ഞു.