
തിരുവനന്തപുരം: തലസ്ഥാന വാസികളുടെ സ്വപ്നമായ മെട്രോ റെയിൽ പദ്ധതിയും യാഥാർത്ഥ്യമാക്കാനുള്ള നടപടികളിലേക്ക് കന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇതിന്റെ വിശദാംശങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. തിരുവനന്തപുരം മെട്രോ പദ്ധതി ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേർന്നു. തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വിവരിച്ചു. തിരുവനന്തപുരം എം പി ശശി തരൂരും യോഗത്തിൽ പങ്കെടുത്തു. തരൂരും പദ്ധതിയുടെ വിശദാംശങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
തലസ്ഥാന നഗരിയിലൊരു മെട്രോ റെയിൽ എന്നത് തിരുവനന്തപുരം നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും ഈ സമിതി. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്.
ശശി തരൂരിന്റെ കുറിപ്പ്
തിരുവനന്തപുരം മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ വളരെ ക്രിയാത്മകമായ ഒരു ഓൺലൈൻ മീറ്റിംഗ് നടന്നു. ഞാൻ തിരുവനന്തപുരം എംപിയായ കാലം മുതൽ ആവശ്യപ്പെട്ടിരുന്ന ഒരു പദ്ധതിയായിരുന്നു മെട്രോ. ആദ്യ ഘട്ടത്തിനായുള്ള എന്റെ ചില നിർദ്ദേശങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി stakeholders ഉൾപെടുന്ന ഒരു ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ചർച്ച വളരെ ഫലവത്തായി അവസാനിച്ചു. മെട്രോയെക്കുറിച്ചുള്ള നമ്മുടെ ദർശനം, ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുകയും നിർമ്മാണ സമയത്തെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുമ്പോൾ തന്നെ വരും തലമുറകളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക എന്നതായിരിക്കണം. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.