
മെക്സിക്കോ സിറ്റി: സ്റ്റീൽ, അലൂമിനിയം താരിഫുകൾ യുഎസ് ഉയർത്തിയതിനോടുള്ള പ്രതികരണമായി പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്ന് മെക്സിക്കോ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബോം. ഒരു ഉടമ്പടിയിൽ എത്തിയില്ലെങ്കിൽ മാത്രമായിരിക്കും ഈ നടപടികൾ പ്രഖ്യാപിക്കുക. ഈ താരിഫുകൾ അന്യായമാണ് എന്നാണ് മെക്സിക്കോയുടെ പ്രതികരണം. കണ്ണിന് കണ്ണ് എന്ന രീതിയിലായിരിക്കില്ല പ്രതികരണമെന്നും ഷെയ്ൻബോം വ്യക്തമാക്കി. ഈ നടപടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ഉയർന്ന താരിഫിൽ നിന്ന് ഇളവ് തേടുമെന്ന് മെക്സിക്കോയുടെ സാമ്പത്തിക മന്ത്രി മാർസെലോ എബ്രാർഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സ്റ്റീൽ, അലുമിനിയം ഇറക്കുമതികളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനം ആയി ഇരട്ടിയാക്കുന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നു. കാറുകൾ മുതൽ ടിന്നിലടച്ച ഭക്ഷണം വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന ആയ 2 ലോഹങ്ങളുടെ ഇറക്കുമതി നികുതിയാണ് വർധിപ്പിച്ചിരിക്കുന്നത്.
മാർച്ചിന് ശേഷം രണ്ടാം തവണയാണ് നികുതി കൂട്ടിയിരിക്കുന്നത്. ജൂണ്‍ നാല് മുതല്‍ പ്രാബല്യത്തിൽ വന്ന ഈ നടപടികൾ അമേരിക്കൻ സ്റ്റീൽ വ്യവസായത്തിന്‍റെ ഭാവി സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ട്രംപ് പറഞ്ഞു. എന്നിരുന്നാലും, ഈ നടപടി യുഎസിന് പുറത്തുള്ള സ്റ്റീൽ ഉൽപാദകാർക്ക കടുത്ത നഷ്ടം വരുത്തുമെന്നും വ്യാപാര പങ്കാളികളിൽ നിന്ന് പ്രതികാര നടപടികൾക്ക് കാരണമാകുമെന്നും അമേരിക്കൻ ഉപയോക്താക്കൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും വിമർശകർ പറയുന്നു.