അമേരിക്ക വഴിയുള്ള ‘ഷട്ടിൽ ഡിപ്ലോമസി’, മിയാമിയിൽ യുക്രൈൻ-റഷ്യ സമാധാന ചർച്ചകൾ തുടരുന്നു; ചർച്ചകൾ ക്രിയാത്മകം എന്ന് റഷ്യൻ പ്രതിനിധി

മിയാമി: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ അമേരിക്കയുടെ മധ്യസ്ഥതയിൽ ഫ്ലോറിഡയിലെ മിയാമിയിൽ നടക്കുന്ന സമാധാന ചർച്ചകൾ ക്രിയാത്മകമായി മുന്നോട്ടുപോകുന്നതായി റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രീവ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരുമായി ദിമിത്രീവ് ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ചർച്ചകൾ ഇന്നും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ സജീവ ഇടപെടലിന്റെ ഭാഗമായാണ് മിയാമിയിലെ ഈ കൂടിക്കാഴ്ചകൾ നടക്കുന്നത്. സ്റ്റീവ് വിറ്റ്‌കോഫിനൊപ്പം ജാരെഡ് കുഷ്‌നറുടെ സാന്നിധ്യവും ചർച്ചകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. യുക്രൈൻ ചീഫ് നെഗോഷ്യേറ്റർ റസ്റ്റം ഉമറോവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും മിയാമിയിലുണ്ട്. അമേരിക്കൻ, യൂറോപ്യൻ പ്രതിനിധികളുമായി ഇവർ വെള്ളിയാഴ്ച നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും സമാധാനശ്രമങ്ങൾ തുടരുമെന്നും ഉമറോവ് വ്യക്തമാക്കി.

റഷ്യൻ, യുക്രൈൻ പ്രതിനിധികൾ ഒരേ നഗരത്തിൽ ഉണ്ടെങ്കിലും ഇവർ തമ്മിൽ നിലവിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടില്ല. അമേരിക്ക വഴിയുള്ള ‘ഷട്ടിൽ ഡിപ്ലോമസി’ ആണ് ഇപ്പോൾ നടക്കുന്നത്.
പുടിൻ വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്റെ നിലപാട് വ്യക്തമാക്കി. സമാധാന ചർച്ചകൾ റഷ്യ സമയം നീട്ടിക്കൊണ്ടുപോകാൻ ഉപയോഗിക്കുകയാണെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി.

“കഴിഞ്ഞ ഓഗസ്റ്റിൽ അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ചില വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറായതാണ്. അതുകൊണ്ട് തന്നെ ഇനി തീരുമാനമെടുക്കേണ്ടത് പാശ്ചാത്യ രാജ്യങ്ങളാണ്. പന്ത് ഇപ്പോൾ പൂർണ്ണമായും അവരുടെ കോർട്ടിലാണ്.” – വ്ലാഡിമിർ പുടിൻ പറഞ്ഞു. അലാസ്ക ഉച്ചകോടിയിൽ പുടിൻ ഏത് തരത്തിലുള്ള വിട്ടുവീഴ്ചകളെക്കുറിച്ചാണ് സൂചിപ്പിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എങ്കിലും, റഷ്യ ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

More Stories from this section

family-dental
witywide