
വാഷിംഗ്ടണ്‍: ഒരു വനിതാ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ പറഞ്ഞു. ട്രേസി എല്ലിസ് റോസുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു പ്രതികരണം. “മത്സരിക്കുന്നതിനെക്കുറിച്ച് എന്നോട് ആരും പറയേണ്ട, കാരണം നിങ്ങൾ എല്ലാവരും കള്ളം പറയുകയാണ്. നിങ്ങൾ ഒരു സ്ത്രീക്ക് വേണ്ടി തയ്യാറല്ല. അതിനാൽ എന്‍റെ സമയം പാഴാക്കരുത്. നമുക്ക് ഇനിയും ഒരുപാട് വളരാനുണ്ട്.” – മിഷേല്‍ ഒബാമ പറഞ്ഞു.
ഏറ്റവും ഉയർന്ന പദവിയിൽ എത്താൻ സ്ത്രീകൾക്ക് മതിയായ ഇടം രാജ്യം ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും മിഷേൽ ഒബാമ വാദിച്ചു. “കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതുപോലെ, ദുഃഖകരമെന്നു പറയട്ടെ, നമ്മൾ തയ്യാറല്ല… ഒരു സ്ത്രീയുടെ കീഴിൽ നയിക്കപ്പെടാൻ കഴിയുമെന്ന് ഇപ്പോഴും പല പുരുഷന്മാരും കരുതുന്നില്ല, അത് നമ്മൾ കണ്ടതാണ്.” മുൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റൺ എന്നിവരുടെ പരാജയപ്പെട്ട പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വ ശ്രമങ്ങൾക്ക് പിന്നാലെയാണ് അവരുടെ ഈ പരാമർശം.
മുൻ പ്രസിഡൻ്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയതിന് ശേഷം കമല ഹാരിസ് ഡെമോക്രാറ്റിക് മുന്നണിയിലേക്ക് എത്തിയിരുന്നു. എന്നാൽ അവർക്ക് പ്രസിഡൻ്റ് പദവി നേടാനായില്ല. താൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കാം എന്ന ഊഹാപോഹങ്ങളെയും മിഷേല്‍ തള്ളിക്കളഞ്ഞു. വനിതാ നേതൃത്വത്തിന് ലഭ്യമായ ഇടത്തെ പ്രഥമ വനിതയുടെ മാതൃക സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, താൻ അതിനോട് യോജിക്കുന്നില്ല എന്ന് മിഷേൽ ഒബാമ മറുപടി പറഞ്ഞു.
ഒരു വനിതാ നേതാവിനായി അമേരിക്ക തയ്യാറല്ലാത്ത സാഹചര്യത്തിൽ തന്‍റെ സമയം പാഴാക്കാൻ ആഗ്രഹിക്കാത്തതിനാൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തന്‍റെ പുതിയ പുസ്തകമായ ‘ദി ലുക്ക്’ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രൂക്ലിനിൽ വെച്ച് നടന്ന സംഭാഷണം, വൈറ്റ് ഹൗസിലെ തന്‍റെ വർഷങ്ങളിലെ ഫാഷനെയും രാഷ്ട്രീയത്തോടുള്ള സമീപനത്തെയും കുറിച്ചാണ് ചർച്ച ചെയ്തത്. ഇത് വെള്ളിയാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്തു.















