
മിഷിഗണ്‍ : മിഷിഗണിലെ ഹാലോവീന്‍ വാരാന്ത്യം തകര്‍ക്കാന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ 5 പേര്‍ പിടിയിലായെന്നും ഇവര്‍ ഐസിസ്(ISIS) പ്രചോദിത ആക്രമണമാണ് ആസൂത്രണം ചെയ്തതെന്നും എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍. 16 നും 20 നും ഇടയില്‍ പ്രായമുള്ള അഞ്ച് പേരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങളുടെ പ്രാദേശിക പങ്കാളികളുമായുള്ള വേഗത്തിലുള്ള പ്രവര്‍ത്തനത്തിലൂടെയും അടുത്ത ഏകോപനത്തിലൂടെയും, ഒരു ഭീകരപ്രവര്‍ത്തനം സംഭവിക്കുന്നതിന് മുമ്പ് തന്നെ തടയാന്‍ കഴിഞ്ഞു,’ കാഷ് പട്ടേല്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ എഫ്ബിഐയുടെ ജാഗ്രത ഒരു ദാരുണമായ ആക്രമണം തടഞ്ഞു, അവരുടെ സമര്‍പ്പണത്തിന് നന്ദി, മിഷിഗണിന് സുരക്ഷിതവും സന്തോഷകരവുമായ ഹാലോവീന്‍ ആഘോഷിക്കാന്‍ കഴിയും.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിട്രോയിറ്റിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു യുഎസ് ആര്‍മി സൈറ്റിനെതിരെ ഐസിസ് പ്രചോദിത ആക്രമണം ആസൂത്രണം ചെയ്തതിന് മെയ് മാസത്തില്‍ അറസ്റ്റിലായ മിഷിഗണ്‍ ആര്‍മി നാഷണല്‍ ഗാര്‍ഡിലെ ഒരു മുന്‍ അംഗത്തില്‍ നിന്നാണ് ഇന്നലെ പിടിയിലായവര്‍ പ്രചോദിതരായതെന്ന് അധികൃതര്‍ പറയുന്നു. 19 കാരനായ അമ്മാര്‍ അബ്ദുള്‍മജിദ്-മുഹമ്മദ് സെയ്ദ് ആയിരുന്നു ആര്‍മി സൈറ്റിനെതിരെ ആക്രമണത്തിന് മുതിര്‍ന്നത്. ഇയാളെ വെള്ളിയാഴ്ച അറസ്റ്റിലായ അഞ്ച് യുവാക്കളുടെ സംഘത്തിലെ ഒന്നോ അതിലധികമോ അംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്ന് നിയമ നിര്‍വ്വഹണ വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഹാലോവീന്‍ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താന്‍ കുറച്ചുകാലമായി ഗൂഢാലോചന നടക്കുന്നുവെന്നും ഗൂഢാലോചനയെക്കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ ചര്‍ച്ച എഫ്ബിഐ കുറച്ചുകാലമായി നിരീക്ഷിച്ചുകൊണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് കൃത്യമായ പദ്ധതി ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ ചാറ്റിൽ പങ്കെടുത്ത വ്യക്തികൾ എകെ 47 തോക്കുപയോഗിക്കാൻ പരിശീലനം നേടിയെന്നും പംപ്കിൻ ദിനമെന്ന പരാമർശം ഹാലോവീൻ ദിനത്തിലെ ആഘോഷത്തെ പരാമർശിക്കുന്നതാണെന്നും കണ്ടെത്തിയതോടെ എഫ്ബിഐ വേഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഇതാണ് സാധ്യമായ ദുരന്തം തട്ടിമാറ്റാൻ വഴിയൊരുക്കിയത്.
Michigan Halloween terror attack attempt. Those arrested came for ISIS-inspired attack.















