നോവായി മിഥുന്‍, 10 മണിയോടെ സ്‌കൂളില്‍ പൊതുദര്‍ശനം, അമ്മ രാവിലെയെത്തും; വൈകിട്ട് 5ന് സംസ്‌കാരം

കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. തുര്‍ക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കും

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും. 12 മണിവരെയായിരിക്കും സ്‌കൂളില് പൊതുദര്‍ശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

അതേസമയം, ഒരു ജീവന്‍ പൊലിഞ്ഞ ശേഷം കണ്ണുതുറന്ന കെഎസ്ഇബി മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകള്‍ ഇന്ന് നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷന്‍ ചെയര്‍മാനുള്‍പ്പെടെയുള്ള യോഗത്തിലാണ് വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായത്.

ദാരുണമായ സംഭവത്തെത്തുടര്‍ന്ന് തേവലക്കര ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയുടെ ഭാഗത്തതു നിന്ന് വീഴ്ച സംഭവിച്ചതായി ഉത്തരവില്‍ പറയുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. സ്‌കൂളിലെ മുതിര്‍ന്ന അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവന്‍ നഷ്ടമായത്.

More Stories from this section

family-dental
witywide