
വാഷിംഗ്ടണ്‍: പൗരത്വ വിഷയത്തില്‍ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അനുകൂലമായ സുപ്രീം കോടതി വിധി വന്നതോടെ ആശങ്കയിൽ കുടിയേറ്റ സമൂഹങ്ങൾ. ഈ കോടതി വിധി ജന്മാവകാശ പൗരത്വത്തിന് അർഹതയുള്ള ആരുടെയും നിലവിലെ പദവിയിൽ മാറ്റം വരുത്തുന്നില്ല. കൂടാതെ ഈ വിഷയം കൂടുതൽ പരിഗണിക്കുന്നതിനായി കീഴ്ക്കോടതികൾക്ക് 30 ദിവസം നൽകുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കൾ പൗരന്മാരോ നിയമപരമായ സ്ഥിര താമസക്കാരോ അല്ലെങ്കിൽ യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ പദ്ധതി തടയാൻ അഭിഭാഷകർ ഉടനടി ഒരു ക്ലാസ്-ആക്ഷൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഈ നടപടിക്ക് മുൻകാല പ്രാബല്യമില്ല. അതായത് കോടതികൾ അനുവദിക്കുകയാണെങ്കിൽ, ഇത് പ്രാബല്യത്തിൽ വന്നതിന് ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമേ ബാധകമാകൂ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വലിയ ആത്മവിശ്വാസവും ആശ്വാസവുമായിരിക്കുകയാണ് സുപ്രീംകോടതിയുടെ രാജ്യത്തെ ഫെഡറല്‍ കോടതികൾക്കുള്ള അധികാര പരിധി കുറച്ചുള്ള പുതിയ വിധി. ട്രംപ് കൂടുതൽ അധികാരം നേടാൻ ശ്രമിക്കുമ്പോൾ, എക്സിക്യൂട്ടീവ് അധികാരത്തിന്‍റെ മേലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണിത്.
ജഡ്ജിമാർക്ക് സർക്കാരിന്‍റെ നടപടികൾ നിയമവിരുദ്ധമാണെങ്കിൽ പോലും അവയെ പെട്ടെന്ന് തടയാനുള്ള അധികാരമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പൗരത്വം ജന്മാവകാശമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിന് പ്രാബല്യം നൽകുന്നതാണ് ഈ വിധിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.