
വാഷിംഗ്ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ പ്രാദേശിക നിയമങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മന്ത്രാലയം പ്രതികരിച്ചത്.
പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തെന്ന് ആരോപിച്ച് വിസ റദ്ദാക്കിയതിന് പിന്നാലെ, കൊളംബിയ സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി രഞ്ജനി ശ്രീനിവാസന്‍ കഴിഞ്ഞ ആഴ്ച നാടുകടത്തപ്പെട്ടിരുന്നു. ‘ഹമാസിനെ പിന്തുണയ്ക്കുന്ന’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കാട്ടി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ച്ച് 5 നാണ് രഞ്ജനിയുടെ വിസ റദ്ദാക്കിയത്.
ഇന്നലെ മറ്റൊരു വിദ്യാര്‍ത്ഥിയെ ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ബദര്‍ ഖാന്‍ സൂരിയെന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.
‘ഈ വിഷയം ഞങ്ങള്‍ മുമ്പ് പലതവണ അഭിസംബോധന ചെയ്തിട്ടുണ്ട്. വിസ, ഇമിഗ്രേഷന്‍ നയങ്ങളുടെ കാര്യത്തില്‍, ഇവ ഓരോ രാജ്യത്തിന്റെയും അധികാരപരിധിയിലുള്ള പരമാധികാര കാര്യങ്ങളാണ്. ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്തായിരിക്കുമ്പോള്‍, അവര്‍ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.













