
മിനിയാപൊളിസ്: തന്‍റെ നഗരത്തെ നരകം എന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ. നഗരം സന്ദർശിക്കാൻ പ്രസിഡന്‍റിനെ ക്ഷണിച്ച മേയർ, മിനിയാപൊളിസിലെ സോമാലി സമൂഹം എങ്ങനെയാണ് നഗരത്തെ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അവർ ഇവിടെയുള്ളതിൽ എത്രമാത്രം അഭിമാനിക്കുന്നു എന്നും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു.
മിനിയാപൊളിസിലെ സോമാലി സമൂഹത്തെ ലക്ഷ്യമിട്ട് നിലവിൽ നടക്കുന്ന കുടിയേറ്റ നിയമനടപടി ഭരണകൂടം ശക്തിപ്പെടുത്തുന്നതിനിടെയാണ് ട്രംപിന്റെ വിമർശനം. ട്രംപ് റിപ്പോർട്ടർമാരോട് സംസാരിക്കുമ്പോൾ മേയർ ഫ്രേയെ ‘വിഡ്ഢി’ എന്ന് വിളിക്കുകയും സോമാലി സമൂഹം “നമ്മുടെ രാജ്യത്തെ നശിപ്പിച്ചു” എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. “അതൊരു തമാശയാകുന്നുമില്ല, ശരിയാകുന്നുമില്ല. ഇവിടെ വന്ന് മിനിയാപൊളിസ് സന്ദർശിക്കൂ. ഒരു ‘നരകമല്ല’, മനോഹരമായ ഒരു നഗരമാണ് എന്ന് ഇവിടെ കാണുക,” ഫ്രേ മറുപടി നൽകി.
നിയമപാലകർ വിവേചനമില്ലാതെ ആളുകൾക്ക് പിന്നാലെ പോവുകയാണെങ്കിൽ, അവരുടെ നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഭരണഘടന ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണെന്നും ഫ്രേ തുടർന്നു. മിനിയാപൊളിസിലെ സോമാലി താമസക്കാർ “ഏതാണ്ട് എല്ലാവരും അമേരിക്കൻ പൗരന്മാരാണെന്നും” അവർ നിയമപരമായാണ് രാജ്യത്ത് എത്തിയതെന്നും മേയർ പറഞ്ഞു. “അവർ പതിറ്റാണ്ടുകളായി ഇവിടെയുണ്ട്, ഞങ്ങളുടെ അസ്തിത്വത്തിന് അവർ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്,” സി.എൻ.എൻ. റിപ്പോർട്ടർ എറിൻ ബർണറ്റിനോട് അദ്ദേഹം വ്യക്തമാക്കി.












