
മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു കത്തോലിക്കാ സ്‌കൂളില്‍ രണ്ടു കുട്ടികളെ വെടിവെച്ചുകൊന്ന് സ്വയം ജീവനൊടുക്കിയ 23 കാരന് ക്രിമിനല്‍ ചരിത്രമൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തയാള്‍ റോബിന്‍ വെസ്റ്റ്മാന്‍ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു.
ആക്രമണത്തിനായി യുവാവ് ഉപയോഗിച്ച ഒരു റൈഫിള്‍, ഒരു ഷോട്ട്ഗണ്‍, ഒരു പിസ്റ്റള്‍ എന്നിവ അടുത്തിടെ നിയമാനുസൃതമായി വാങ്ങിയതാണെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാന്‍ ഒ’ഹാര പറഞ്ഞു. യുവാവ് ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും ഈ ആക്രമണം നടത്തിയതില്‍ നേരിട്ട് ഉള്‍പ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം നടന്ന പള്ളിയിലും, വെടിവെപ്പുകാരനുമായി ബന്ധപ്പെട്ട മെട്രോയിലെ മൂന്ന് വസതികളിലും അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തിരച്ചിലുകള്‍ നടത്തുകയാണെന്നും കൂടുതല്‍ തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘8 വയസ്സുള്ള കുട്ടിയും 10 വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. കൂടാതെ 14 കുട്ടികള്‍ക്കും 3 മുതിര്‍ന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അവരില്‍ ഏഴ് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആക്രമണം നടത്തിയ റോബര്‍ട്ട് വെസ്റ്റ്മാന്‍ എന്ന റോബിന്‍ വെസ്റ്റ്മാനും മരണപ്പെട്ടിരുന്നു.