
പലസ്തീന്‍ അനുകൂല പ്രസംഗം ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചതിന് പിന്നാലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി മേഘാ വെമുരിക്കെതിരേ നടപടിയെടുത്ത് മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി).
ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് മേഘയെ വിലക്കി. ഔദ്യോഗിക ബിരുദദാന ചടങ്ങിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന വണ്‍ എംഐടി കമന്‍സ്‌മെന്റ് സെറിമണിയില്‍ നടത്തിയ പ്രസംഗത്തിൽ മേഘ, ഇസ്രയേലിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച നടക്കുന്ന ബിരുദദാനച്ചടങ്ങില്‍നിന്ന് മേഘയെ വിലക്കിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംഐടി ക്ലാസ് ഓഫ് 2025 പ്രസിഡന്റ് കൂടിയാണ് മേഘ.
മേഘയുടെ പേര് പറയാതെയാണ് അവരെ ബിരുദദാനച്ചടങ്ങില്‍നിന്ന് വിലക്കിയ കാര്യം സര്‍വകലാശാല അറിയിച്ചത്. മുന്‍കൂട്ടി കൈമാറിയ പ്രസംഗമല്ല, വിദ്യാര്‍ഥിനി സംഭവദിവസം വേദിയില്‍ നടത്തിയതെന്നും സര്‍വകലാശാലാവക്താവ് അറിയിച്ചു. ഇന്നത്തെ ബിരുദദാനച്ചടങ്ങില്‍ ആ വ്യക്തിക്ക് (മേഘ) മുന്‍നിശ്ചയിച്ച പ്രകാരമുള്ള ചുമതലയുണ്ടെങ്കിലും ഇന്നത്തെ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന് എംഐടി സര്‍വകലാശാലാവക്താവ് കിംബര്‍ളി അലന്‍ പറഞ്ഞു.
ഇന്ത്യന്‍വംശജയായ മേഘ, എംഐടിയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് + ന്യൂറോസയന്‍സ്, ലിംഗ്വിസ്റ്റിക്‌സ് എന്നിവയിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ജോര്‍ജിയയിലെ ആല്‍ഫ്രെറ്റ സ്വദേശിനിയാണ്.
പലസ്തീനോടുള്ള ഐക്യദാര്‍ഢ്യം സൂചിപ്പിക്കാന്‍ ചുവന്ന കഫിയ ധരിച്ചുകൊണ്ടായിരുന്നു വ്യാഴാഴ്ചത്തെ മേഘയുടെ പ്രസംഗം. എംഐടിക്ക് ഇസ്രയേല്‍ സൈന്യവുമായുള്ള ഗവേഷണ മേഖലയിലെ ബന്ധത്തെയും അവര്‍ വിമര്‍ശിച്ചു.
ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിയെ വംശഹത്യയെന്നാണ് മേഘ വിശേഷിപ്പിച്ചത്. കഴിഞ്ഞ കൊല്ലം ഗാസയിലെ ഇസ്രയേല്‍ നടപടിക്കെതിരേ ക്യാമ്പസില്‍ നടന്ന പ്രതിഷേധങ്ങളെ കുറിച്ചും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അത്തരത്തില്‍ നിലപാട് സ്വീകരിച്ചവര്‍ക്ക് സര്‍വകലാശാലാ അധികൃതരില്‍നിന്നുള്‍പ്പെടെ സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നെന്നും മേഘ പറഞ്ഞു. തനിക്കറിയാവുന്ന എംഐടി സമൂഹം ഒരിക്കലും ഒരു വംശഹത്യ പൊറുക്കില്ല. ബിരുദം നേടി നാം ജീവിതത്തില്‍ മുന്നോട്ടുപോകാനൊരുങ്ങുമ്പോള്‍ ഗാസയില്‍ സര്‍വകശാലകളൊന്നും അവശേഷിക്കുന്നില്ല. പലസ്തീനെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍. എംഐടി അതിലൊരു ഭാഗമാകുന്നത് നാണക്കേടാണ്, അവര്‍ പറഞ്ഞു.
മേഘയുടെ പ്രസംഗത്തെ വിദ്യാര്‍ഥികളില്‍ ഒരുവിഭാഗം കയ്യടിയോടെ സ്വീകരിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ നിശ്ശബ്ദത പാലിക്കുകയും പ്രതികരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു. പ്രസംഗഭാഗം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മേഘയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുമായി നിരവധിപേരാണ് രംഗത്തെത്തിയത്.
MIT takes action against Indian-American student Megha Vemuri for Pro-Palestinian speech














