
ന്യൂഡല്‍ഹി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ഇന്ത്യയും ദുരിതത്തിലാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. സെപ്റ്റംബര്‍ അവസാന വാരത്തിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പങ്കെടുക്കുന്നതിനായാണ് മോദിയുടെ യാത്ര എങ്കിലും പ്രധാന ലക്ഷ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണുക എന്നതാണ്. ട്രംപുമായി ചര്‍ച്ചനടത്തി വ്യാപാരത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും താരിഫുകള്‍ സംബന്ധിച്ച് ഒരു പൊതുധാരണയിലെത്തുകയും ചെയ്യുകയായിരിക്കും മോദിയുടെ ലക്ഷ്യം. ഇത് ഇരുനേതാക്കള്‍ക്കും ഒരു വ്യാപാര കരാര്‍ പ്രഖ്യാപിക്കാനുള്ള അവസരവും നല്‍കും.
തീരുവ യുദ്ധത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഒപ്പിടാന്‍ അടുത്തിരുന്നുവെങ്കിലും കരാര്‍ ട്രംപിന് ബോധിച്ചില്ലെന്നും , മധ്യസ്ഥര്‍ക്കിടയില്‍ ധാരണയായ കരാറില്‍ ട്രംപ് ഒട്ടും സന്തുഷ്ടനായിരുന്നില്ല എന്നുമാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യക്കുമേല്‍ 50 ശതമാനം അധിക തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതില്‍ പകുതി നിലവില്‍ വന്നു കഴിഞ്ഞു. ശേഷിക്കുന്ന തീരു ഓഗസ്റ്റ് 27 ന് നിലവില്‍ വരും.
ട്രംപ് ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ ഫെബ്രുവരിയില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. തന്റെ അടുത്ത സുഹൃത്താണ് മോദിയെന്ന് ട്രംപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേ പുകഴ്ത്തലുകള്‍ ട്രംപിനെക്കുറിച്ച് മോദിയും ആവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരുടേയും കൂടിക്കാഴ്ച നിര്‍ണായകമാണ്. ഇന്ത്യയുടെ ആശങ്ക ട്രംപിനെ ധരിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞാല്‍ തീരുവ യുദ്ധത്തില്‍ ഇന്ത്യക്ക് ആശ്വസിക്കാം.