
വാഷിംഗ്ടൺ: 2025 ഫെബ്രുവരി 13 ന് ഔദ്യോഗിക സന്ദർശനത്തിനായി വാഷിംഗ്ടൺ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ആതിഥേയത്വം വഹിച്ചു. സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങൾ, ബഹുസ്വരത എന്നിവയെ വിലമതിക്കുന്ന പരമാധികാരമുള്ള ജനാധിപത്യ രാജ്യങ്ങളുടെ നേതാക്കളെന്ന നിലയിൽ, പരസ്പര വിശ്വാസം, പൊതുവായ താൽപ്പര്യങ്ങൾ, സൗഹാർദ്ദം, പൗരന്മാരുടെ ഗണ്യമായ ഇടപെടൽ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ശക്തി പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും ആവർത്തിച്ചു.
പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സൈനിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ, ത്വരിതപ്പെടുത്തിയ വാണിജ്യം & സാങ്കേതികവിദ്യ എന്നിവ ലക്ഷ്യമിട്ടുള്ള ഒരു പുതിയ സംരംഭത്തിന് – “യുഎസ്-ഇന്ത്യ കോംപാക്റ്റ് (Catalyzing Opportunities for Military Partnership, Accelerated Commerce & Technology ) 21-ാം നൂറ്റാണ്ടിനായി” -തുടക്കം കുറിച്ചു. സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളിൽ പരിവർത്തനാത്മക മാറ്റം കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത് .ഈ ഉദ്യമത്തിന് കീഴിൽ, ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനപ്രദമായ വിശ്വാസതലം സജ്ജമാക്കുന്നതിനായി ഈ വർഷം തന്നെ ആദ്യ ഫലങ്ങൾ കണ്ടു തുടങ്ങുന്ന, ഫലങ്ങളിൽ അധിഷ്ഠിതമായ കാര്യപരിപാടിക്ക് ഇരുവരും പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
പ്രതിരോധം
അമേരിക്ക-ഇന്ത്യ തന്ത്രപരമായ താല്പര്യങ്ങൾ ആഴത്തിൽ സംയോജിപ്പിക്കുന്നത് എടുത്തുകാട്ടിയ നേതാക്കൾ, വിവിധ മേഖലകളിൽ വ്യാപിച്ചിരിക്കുന്ന ഊർജ്ജസ്വലമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പത്തുവർഷത്തേക്കുള്ള പുതിയ അമേരിക്ക-ഇന്ത്യ സുപ്രധാന പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് ഒപ്പിടുന്നതിനായി പദ്ധതിയുണ്ടെന്നു നേതാക്കൾ പ്രഖ്യാപിച്ചു. സി- 130 ജെ സൂപ്പർ ഹെർക്കുലീസ്, സി-17 ഗ്ലോബ് മാസ്റ്റർ III, പി-81 പോസെയിഡൺ എയർക്രാഫ്റ്റ്, സിഎച്ച് -47 എഫ് ചിനൂക്സ്, എം എച്ച്- 60ആർ സീഹോക്സ്, എ എച്ച് -64ഇ അപ്പാഷെ, ഹാർപ്പൂൺ ആൻറി ഷിപ്പ് മിസൈൽ, എം 777 ഹൗഇറ്റ്സെർസ്, എം ക്യു- 9ബി എന്നിവ ഉൾപ്പെടെ അമേരിക്കൻ നിർമ്മിത പ്രതിരോധ സാമഗ്രികൾ ഇന്ത്യയുടെ ആയുധ ശേഖരത്തിലേക്ക് സംയോജിപ്പിക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇന്ത്യയുമായുള്ള പ്രതിരോധ വില്പനകളും സഹ ഉത്പാദനവും അമേരിക്ക വിപുലീകരിക്കുമെന്ന് നേതാക്കൾ ഉറപ്പ് പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റുന്നതിനായി “ജാവലിൻ” ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളുടെയും “സ്ട്രൈക്കർ” ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളുടെയും സംഭരണത്തിനും സഹ-നിർമ്മാണത്തിനുമുള്ള ക്രമീകരണങ്ങൾ ഈ വർഷം ഇന്ത്യയിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ അവർ പ്രഖ്യാപിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ സമുദ്ര നിരീക്ഷണ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ആറ് അധിക P-8I മാരിടൈം പട്രോൾ വിമാനങ്ങൾ വാങ്ങുന്നത്, വിൽപ്പന നിബന്ധനകൾ സംബന്ധിച്ച കരാറിനെത്തുടർന്ന് പൂർത്തിയാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ-1 (STA‑1) അംഗീകാരമുള്ള ഒരു പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും ഒരു പ്രധാന ക്വാഡ് പങ്കാളിയാണെന്നും അംഗീകരിച്ച്, പ്രതിരോധ വ്യാപാരം, സാങ്കേതിക കൈമാറ്റം, അറ്റകുറ്റപ്പണികൾ, സ്പെയർ ഭാഗങ്ങളുടെ വിതരണം , യുഎസ് നൽകുന്ന പ്രതിരോധ സംവിധാനങ്ങളുടെ രാജ്യത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ, പുനഃപരിശോധന എന്നിവ കാര്യക്ഷമമാക്കുന്നതിന് ഇന്റർനാഷണൽ ട്രാഫിക് ഇൻ ആംസ് റെഗുലേഷൻസ് (ITAR) ഉൾപ്പെടെയുള്ള ആയുധ കൈമാറ്റ നിയന്ത്രണങ്ങൾ യുഎസും ഇന്ത്യയും അവലോകനം ചെയ്യും. സംഭരണ സംവിധാനങ്ങൾ മികച്ച രീതിയിൽ വിന്യസിക്കുന്നതിനും പ്രതിരോധ സാമഗ്രികളുടെയും സേവനങ്ങളുടെയും പരസ്പര വിതരണം സാധ്യമാക്കുന്നതിനുമായി പരസ്പര പ്രതിരോധ സംഭരണ (RDP) കരാറിനായി ഈ വർഷം ചർച്ചകൾ ആരംഭിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. ബഹിരാകാശം, വ്യോമ പ്രതിരോധം, മിസൈൽ, സമുദ്ര സാങ്കേതികവിദ്യകൾ എന്നിവയിലുടനീളം പ്രതിരോധ സാങ്കേതിക സഹകരണം ത്വരിതപ്പെടുത്തുമെന്ന് നേതാക്കൾ പ്രതിജ്ഞയെടുത്തു. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും കടലിനടിയിലുള്ള സംവിധാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നയം യുഎസ് അവലോകനം ചെയ്തു.
പ്രതിരോധ വ്യാവസായിക സഹകരണത്തിനായുള്ള യുഎസ്-ഇന്ത്യ കർമ്മ പദ്ധതിയെ അടിസ്ഥാനമാക്കി, സ്വയംപ്രവർത്തന ക്ഷമമായ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്തോ-പസഫിക്കിലെ വ്യവസായ പങ്കാളിത്തവും ഉൽപ്പാദനവും വർദ്ധിപ്പിക്കുന്നതിനായി നേതാക്കൾ ഒരു പുതിയ സംരംഭം – ഓട്ടോണമസ് സിസ്റ്റംസ് ഇൻഡസ്ട്രി അലയൻസ് (ASIA) പ്രഖ്യാപിച്ചു. പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക സമുദ്ര സംവിധാനങ്ങളും നൂതന AI- അധിഷ്ഠിത ആളില്ലാ വ്യോമ സംവിധാനങ്ങളും (UAS) ഇരു രാജ്യങ്ങളും സഹകരിച്ച് വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള നൂതന സാങ്കേതികവിദ്യകളിൽ ആൻഡൂറിൽ ഇൻഡസ്ട്രീസും മഹീന്ദ്ര ഗ്രൂപ്പും തമ്മിലുള്ള പുതിയ പങ്കാളിത്തത്തെയും, അന്തർവാഹിനികളിലെ സജീവമായ ടോവ്ഡ് അറേ സംവിധാനത്തിന്റെ സഹ-വികസനത്തിനായി L3 ഹാരിസും ഭാരത് ഇലക്ട്രോണിക്സും തമ്മിലുള്ള പുതിയ പങ്കാളിത്തത്തെയും നേതാക്കൾ സ്വാഗതം ചെയ്തു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി മെച്ചപ്പെട്ട പരിശീലനം, അഭ്യാസങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിലൂടെ വ്യോമ, കര, കടൽ, ബഹിരാകാശം, സൈബർ എന്നീ എല്ലാ മേഖലകളിലും സൈനിക സഹകരണം ഉയർത്താൻ നേതാക്കൾ പ്രതിജ്ഞയെടുത്തു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന “ടൈഗർ ട്രയംഫ്” ത്രിസേനാ അഭ്യാസത്തെ (2019 ൽ ആദ്യമായി ഉദ്ഘാടനം ചെയ്തത് ) നേതാക്കൾ സ്വാഗതം ചെയ്തു.
മെച്ചപ്പെട്ട ലോജിസ്റ്റിക്സ്; ഇന്റലിജൻസ് വിവരങ്ങൾ പങ്കിടൽ; സംയുക്ത മാനുഷിക സഹായ – ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും മറ്റ് കൈമാറ്റങ്ങൾക്കും സുരക്ഷാ സഹകരണ ഇടപെടലുകൾക്കുമായി സൈനിക നീക്കം മെച്ചപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ, ഇന്തോ-പസഫിക്കിലെ യുഎസ്, ഇന്ത്യൻ സൈന്യങ്ങളുടെ വിദേശ വിന്യാസങ്ങളെ പിന്തുണയ്ക്കുന്നതിനും നിലനിർത്തുന്നതിനും പുതിയ അടിത്തറ സൃഷ്ടിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
വ്യാപാരവും നിക്ഷേപവും
പൗരന്മാരെ കൂടുതൽ അഭിവൃദ്ധിയുള്ളവരാക്കാനും , രാഷ്ട്രങ്ങളെ കൂടുതൽ ശക്തരാക്കാനും, സമ്പദ്‌വ്യവസ്ഥകളെ കൂടുതൽ നൂതനമാക്കാനും, വിതരണ ശൃംഖലകളെ കൂടുതൽ സ്ഥിരതയുള്ളതാക്കാനും വ്യാപാരവും നിക്ഷേപവും വികസിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചു. നീതി, ദേശീയ സുരക്ഷ, തൊഴിലവസര സൃഷ്ടി എന്നിവ ഉറപ്പാക്കുന്ന വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ്-ഇന്ത്യ വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അവർ തീരുമാനിച്ചു. ഇതിനായി, നേതാക്കൾ ഒരു പുതിയ ഉഭയകക്ഷി വ്യാപാര ലക്ഷ്യം – “മിഷൻ 500” -മുന്നോട്ട് വെച്ചു. 2030 ആകുമ്പോഴേക്കും മൊത്തം ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 500 ശതകോടി ഡോളറാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്.
ഈ പ്രവർത്തന ലക്ഷങ്ങൾക്കെല്ലാം പുതിയതും ന്യായവുമായ വ്യാപാര നിബന്ധനകൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ നേതാക്കൾ, 2025 അവസാനത്തോടെ പരസ്പര പ്രയോജനകരമായ, ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടം ചർച്ച ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഈ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വ്യാപാര ബന്ധം COMPACT പദ്ധതിയുടെ അഭിലാഷങ്ങളെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മുതിർന്ന പ്രതിനിധികളെ നിയോഗിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഈ നൂതനവും വിശാലവുമായ ബിടിഎ മുന്നോട്ട് കൊണ്ടുപോകുന്നതിന്, ചരക്ക് സേവന മേഖലയിലുടനീളം ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനും യുഎസും ഇന്ത്യയും സംയോജിത സമീപനം സ്വീകരിക്കും. കൂടാതെ വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനും, താരിഫ്, താരിഫ് ഇതര തടസ്സങ്ങൾ കുറയ്ക്കുന്നതിനും, വിതരണ ശൃംഖല സംയോജനം കൂടുതൽ ആഴത്തിലാക്കുന്നതിനും വേണ്ടി സംയുക്തമായി പ്രവർത്തിക്കും.
ഉഭയകക്ഷി വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള പരസ്പര പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ആദ്യകാല നടപടികളെ നേതാക്കൾ സ്വാഗതം ചെയ്തു. ബോർബൺ, മോട്ടോർ സൈക്കിളുകൾ, ഐസിടി ഉൽപ്പന്നങ്ങൾ, ലോഹങ്ങൾ തുടങ്ങിയ മേഖലകളിൽ അമേരിക്കയ്ക്കു താൽപ്പര്യമുള്ള ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ സമീപകാല നടപടികളെയും, ആൽഫാൽഫ വൈക്കോൽ, താറാവിറച്ചി, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ യുഎസ് കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെയും അമേരിക്ക സ്വാഗതം ചെയ്തു. യുഎസിലേക്കുള്ള ഇന്ത്യൻ മാമ്പഴത്തിന്റെയും മാതളനാരങ്ങയുടെയും കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് യുഎസ് സ്വീകരിച്ച നടപടികളെയും ഇന്ത്യ അഭിനന്ദിച്ചു. ഇന്ത്യയിലേക്കുള്ള വ്യാവസായിക ഉൽപ്പന്നങ്ങളുടെ യുഎസ് കയറ്റുമതിയും യുഎസിലേക്കുള്ള തൊഴിൽ-അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ കയറ്റുമതിയും വർദ്ധിപ്പിച്ച്, ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിന് സഹകരിക്കാൻ ഇരുപക്ഷവും പ്രതിജ്ഞയെടുത്തു. കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കും.
ഒടുവിൽ, യുഎസ്, ഇന്ത്യൻ കമ്പനികൾക്ക് പരസ്പരം ഇരുരാജ്യങ്ങളിലെയും ഉയർന്ന മൂല്യമുള്ള വ്യവസായങ്ങളിൽ ഗ്രീൻഫീൽഡ് നിക്ഷേപം നടത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത പുലർത്തി. ഇക്കാര്യത്തിൽ, അലബാമയിലെയും കെന്റക്കിയിലെയും അത്യാധുനിക സൗകര്യങ്ങളിലെ പൂർത്തിയാക്കിയ അലുമിനിയം ഉൽപ്പന്നങ്ങളിൽ ഹിൻഡാൽകോയുടെ നോവലിസ് നടത്തിയതുപോലെ, ഏകദേശം 7.35 ശതകോടി ഡോളറിന്റെ ഇന്ത്യൻ കമ്പനികളുടെ തുടർച്ചയായ നിക്ഷേപങ്ങളെ നേതാക്കൾ സ്വാഗതം ചെയ്തു. ടെക്സസിലും ഒഹായോയിലും സ്റ്റീൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ജെഎസ്ഡബ്ല്യു; നോർത്ത് കരോലിനയിൽ നിർണായക ബാറ്ററി വസ്തുക്കളുടെ നിർമ്മാണത്തിൽ എപ്സിലോൺ അഡ്വാൻസ്ഡ് മെറ്റീരിയൽസ്; വാഷിംഗ്ടണിൽ ഇൻജക്റ്റബിളുകളുടെ നിർമ്മാണത്തിൽ ജൂബിലന്റ് ഫാർമ എന്നിവയുടെ നിക്ഷേപങ്ങളെയും നേതാക്കൾ സ്വാഗതം ചെയ്തു. ഈ നിക്ഷേപങ്ങൾ പ്രാദേശിക കുടുംബങ്ങൾക്ക് 3,000-ത്തിലധികം ഉയർന്ന നിലവാരമുള്ള തൊഴിലുകൾ സജ്ജമാക്കുന്നു.
ഊർജസുരക്ഷ
ഇരുരാജ്യങ്ങളിലെയും സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും സാങ്കേതിക നവീകരണത്തിനും ഊർജസുരക്ഷ അടിസ്ഥാനഘടകമാണെന്ന് നേതാക്കൾ സമ്മതിച്ചു. മിതമായ തോതിലുള്ള ഊർജ്ജനിരക്ക്, വിശ്വാസ്യത, ലഭ്യത, സ്ഥിരതയുള്ള ഊർജ്ജ വിപണികൾ എന്നിവ ഉറപ്പാക്കുന്നതിന് യുഎസ്-ഇന്ത്യ സഹകരണത്തിന്റെ പ്രാധാന്യം അവർ അടിവരയിട്ടു. ആഗോള ഊർജ്ജ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ മുൻനിര ഉൽപ്പാദകരും ഉപഭോക്താക്കളും എന്ന നിലയിൽ യുഎസും ഇന്ത്യയും വഹിക്കുന്ന ബൃഹത്തായ പങ്ക് വിലയിരുത്തിയ നേതാക്കൾ, എണ്ണ, വാതകം, സിവിൽ ആണവോർജ്ജം എന്നിവയുൾപ്പെടെ യുഎസ്-ഇന്ത്യ ഊർജ്ജ സുരക്ഷാ പങ്കാളിത്തത്തിൽ വീണ്ടും പ്രതിജ്ഞാബദ്ധത അറിയിച്ചു.
ആഗോള തലത്തിൽ മെച്ചപ്പെട്ട ഊർജ്ജനിരക്ക് ഉറപ്പാക്കുന്നതിനും അവരുടെ പൗരന്മാർക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിനും ഹൈഡ്രോകാർബണുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. പ്രതിസന്ധിഘട്ടങ്ങളിൽ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിന്റെ മൂല്യവും നേതാക്കൾ അടിവരയിട്ടു. തന്ത്രപരമായ എണ്ണ കരുതൽ ക്രമീകരണങ്ങൾ വികസിപ്പിക്കുന്നതിന് പ്രധാന പങ്കാളികളുമായി പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയിൽ പൂർണ്ണ അംഗമായി ചേരുന്നതിന് ഇന്ത്യയ്ക്ക് യുഎസ് പക്ഷം ഉറച്ച പിന്തുണ നൽകി.
ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഊർജ്ജ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും, നമ്മുടെ ചലനാത്മക സമ്പദ്‌വ്യവസ്ഥകളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി, ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ മുൻനിര വിതരണക്കാരായി അമേരിക്കയെ സ്ഥാപിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. വിതരണ വൈവിധ്യവൽക്കരണവും ഊർജ്ജ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രകൃതിവാതകം, ഈഥെയ്ൻ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹൈഡ്രോകാർബൺ മേഖലയിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള വലിയ സാധ്യതയും അവസരവും അവർ അടിവരയിട്ടു. പ്രത്യേകിച്ച് എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ഊർജ്ജ കമ്പനികൾക്കിടയിൽ കൂടുതൽ സഹകരണം സാധ്യമാക്കുന്നതിനും നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു.
വലിയ തോതിലുള്ള പ്രാദേശികവൽക്കരണത്തിലൂടെയും സാധ്യമായ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെയും ഇന്ത്യയിൽ അമേരിക്ക രൂപകൽപ്പന ചെയ്ത ആണവ റിയാക്ടറുകൾ നിർമ്മിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിലൂടെ യുഎസ്-ഇന്ത്യ 123 സിവിൽ ആണവ കരാർ പൂർണ്ണമായും സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ പ്രഖ്യാപിച്ചു. ആണവോർജ്ജ നിയമത്തിലും ആണവ റിയാക്ടറുകൾക്കായുള്ള സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്റ്റിലും (CLNDA) ഭേദഗതികൾ വരുത്തുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ സമീപകാല ബജറ്റ് പ്രഖ്യാപനത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു, കൂടാതെ സിവിൽ ബാധ്യതയുടെ പ്രശ്നം പരിഹരിക്കുന്നതിനും ആണവ റിയാക്ടറുകളുടെ ഉൽപ്പാദനത്തിലും വിന്യാസത്തിലും ഇന്ത്യൻ, യുഎസ് വ്യവസായങ്ങളുടെ സഹകരണം സുഗമമാക്കുന്നതിനും CLNDA അനുസരിച്ച് ഉഭയകക്ഷി ക്രമീകരണങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഈ മുന്നോട്ടുള്ള പാത യുഎസ് രൂപകൽപ്പന ചെയ്ത വലിയ റിയാക്ടറുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തുറക്കുകയും നൂതനമായ ചെറിയ മോഡുലാർ റിയാക്ടറുകൾ ഉപയോഗിച്ച് ആണവോർജ്ജ ഉൽപ്പാദനം വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള സഹകരണം പ്രാപ്തമാക്കുകയും ചെയ്യും.
സാങ്കേതികവിദ്യയും നവീകരണവും
പ്രതിരോധം, നിർമിതബുദ്ധി, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി, ഊർജം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റുകൾ തമ്മിലുള്ളതും, അക്കാദമിക്, സ്വകാര്യ മേഖല എന്നിവ തമ്മിലുമുള്ള സഹകരണത്തെ ഉത്തേജിപ്പിക്കുകയും, പരിശോധിച്ചുറപ്പിച്ച സാങ്കേതിക പങ്കാളികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സെൻസിറ്റീവ് സാങ്കേതികവിദ്യകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന യുഎസ്-ഇന്ത്യ ട്രസ്റ്റ് (“ട്രാൻസ്ഫോർമിങ് ദി റിലേഷൻഷിപ്പ് യൂട്ടിലൈസിംഗ് സ്ട്രാറ്റജിക് ടെക്നോളജി”) സംരംഭം ആരംഭിച്ചതായി നേതാക്കൾ പ്രഖ്യാപിച്ചു.
“ട്രസ്റ്റ്” സംരംഭത്തിന്റെ കേന്ദ്ര സ്തംഭമെന്ന നിലയിൽ, വർഷാവസാനത്തോടെ നിർമിതബുദ്ധി അടിസ്ഥാനസൗകര്യം ത്വരിതപ്പെടുത്തുന്നതിനുള്ള യുഎസ്-ഇന്ത്യ മാർഗരേഖ മുന്നോട്ട് വയ്ക്കുന്നതിന് യുഎസ്-ഇന്ത്യ സ്വകാര്യ വ്യവസായവുമായി പ്രവർത്തിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഇന്ത്യയിൽ വലിയ തോതിലുള്ള യുഎസ് നിർമിത AI അടിസ്ഥാനസൗകര്യത്തെ ധനസഹായം, നിർമ്മാണം, ശക്തി പകരൽ, നാഴികക്കല്ലുകളും ഭാവി നടപടികളുമായി ബന്ധിപ്പിക്കുന്നതിനുള്ള തടസ്സങ്ങൾ തിരിച്ചറിയൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അടുത്ത തലമുറ ഡേറ്റാ സെന്ററുകളിലെ വ്യവസായ പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും സാധ്യമാക്കുന്നതിനും, AI-യ്‌ക്കുള്ള കമ്പ്യൂട്ട്, പ്രോസസ്സറുകൾ എന്നിവയുടെ വികസനത്തിലും ലഭ്യതയിലും സഹകരണം, AI മാതൃകകളിലെ നവീകരണങ്ങൾ, സാമൂഹിക വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള AI ആപ്ലിക്കേഷനുകൾ നിർമ്മിക്കൽ എന്നിവയ്‌ക്കും, ഈ സാങ്കേതികവിദ്യകൾ സംരക്ഷിക്കുന്നതിനും നിയന്ത്രണ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ആവശ്യമായ സംരക്ഷണങ്ങളും നിയന്ത്രണങ്ങളും അഭിസംബോധന ചെയ്യുന്നതിനും യു.എസ്.-ഇന്ത്യ വ്യവസായത്തെയും അക്കാദമിക് പങ്കാളിത്തങ്ങളെയും മുന്നോട്ട് കൊണ്ടുപോകുന്നതിനും ബഹിരാകാശം, ഊർജ്ജം, മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ നിക്ഷേപം വളർത്തിയെടുക്കുന്നതിനും, വിജയകരമായ INDUS-X പ്ലാറ്റ്‌ഫോമിന്റെ മാതൃകയിൽ ഒരു പുതിയ ഇന്നൊവേഷൻ ബ്രിഡ്ജായ INDUS ഇന്നൊവേഷൻ ആരംഭിക്കുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും നവീകരണത്തിൽ യു.എസിന്റെയും ഇന്ത്യയുടെയും നേതൃത്വം നിലനിർത്തുന്നതിനും ഇത് സഹായിക്കും. നമ്മുടെ സൈന്യങ്ങൾക്ക് നിർണായക ശേഷി സൃഷ്ടിക്കുന്നതിന് യു.എസിന്റെയും ഇന്ത്യയുടെയും പ്രതിരോധ കമ്പനികൾ, നിക്ഷേപകർ, സർവകലാശാലകൾ എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിന് സൗകര്യമൊരുക്കുന്ന INDUS-X സംരംഭത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും നേതാക്കൾ ശക്തിപ്പെടുത്തി. 2025-ൽ വരുന്ന അടുത്ത ഉച്ചകോടിയെയും അവർ സ്വാഗതം ചെയ്തു.
‘ട്രസ്റ്റ്’ സംരംഭത്തിന്റെ ഭാഗമായി, സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, നൂതന വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ വിശ്വസനീയവും സ്ഥിരതയുള്ളതുമായ വിതരണ ശൃംഖലകൾ നിർമ്മിക്കാൻ നേതാക്കൾ പ്രതിജ്ഞാബദ്ധത അറിയിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി, നിർണായക മരുന്നുകൾക്കുള്ള സജീവമായ ഔഷധ ചേരുവകൾക്കായി യുഎസിൽ ഉൾപ്പെടെ ഇന്ത്യയിലെ ഉൽപ്പാദന ശേഷി വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാൻ നേതാക്കൾ പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, സുപ്രധാന വിതരണ ശൃംഖലകളെ വൈവിധ്യവൽക്കരിക്കുകയും, അമേരിക്കയിലും ഇന്ത്യയിലും ജീവൻരക്ഷാ മരുന്നുകളുടെ ക്ഷാമത്തിന്റെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലും നൂതന ഉൽപ്പാദനത്തിലും നിർണായക ധാതുക്കളുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഇന്ത്യയും അമേരിക്കയും ഗവേഷണത്തിലും വികസനത്തിലും സഹകരണം ത്വരിതപ്പെടുത്തുകയും അമേരിക്കയും ഇന്ത്യയും അംഗങ്ങളായ ധാതു സുരക്ഷ പങ്കാളിത്തത്തിലൂട മുഴുവൻ നിർണായക ധാതു മൂല്യ ശൃംഖലയിലുടനീളം നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഗുണഭോക്തൃവൽക്കരണം, സംസ്കരണം, പുനരുപയോഗ സാങ്കേതി