
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ നയതന്ത്ര തലത്തിൽ കൂടുതൽ പ്രകടമാകുന്നു. ഈ വർഷം ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമോ എന്നതിൽ ആശങ്ക വർധിക്കുന്നു. അതേസമയം, ക്വാഡ് ഉച്ചകോടിയിൽ ട്രംപ് പങ്കെടുത്തില്ലെങ്കിൽ അടുത്ത വർഷം യുഎസ് ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിട്ടുനിന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇരു രാജ്യങ്ങൾക്കും നിർണായകമായ ഈ രണ്ട് ഉച്ചകോടികൾ 2025, 2026 വർഷങ്ങളിൽ നടക്കാനിരിക്കെ, ഇരു നേതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായേക്കുമെന്നാണ് വിലയിരുത്തൽ.
മോദിയുടെ യുഎൻ യാത്ര റദ്ദാക്കി
ഈ മാസം അവസാനം നടക്കുന്ന യുഎൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് നേരത്തെ സ്ഥിരീകരണം വന്നിരുന്നു. സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരുണ്ടായിരുന്നില്ല. ജൂലൈയിൽ പുറത്തിറക്കിയ മുൻ പട്ടികയിൽ സെപ്റ്റംബർ 26-ന് മോദി പ്രസംഗിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് സെപ്റ്റംബർ 27-ന് ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎന്നിൽ പ്രസംഗിക്കുക.
ട്രംപിന്റെ ഗോൾഫ് ക്ലബിൽ ജി20
2026-ലെ ജി20 ഉച്ചകോടി മിയാമിയിലെ തന്റെ ഗോൾഫ് ക്ലബിൽ വച്ച് നടത്താനുള്ള ട്രംപിന്റെ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഈ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പങ്കെടുക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇരു നേതാക്കൾക്കുമിടയിൽ മഞ്ഞുരുകിയില്ലെങ്കിൽ, 2026 ഡിസംബർ 14, 15 തീയതികളിൽ നടക്കാനിരിക്കുന്ന ഈ ഉച്ചകോടിയിൽ മോദി പങ്കെടുക്കാനുള്ള സാധ്യതയും കുറവാണ്.
ക്വാഡ് ഉച്ചകോടിക്ക് ട്രംപ് വന്നില്ലെങ്കിൽ മോദിയുടെ ജി20 യാത്ര ഒരു മറുപടിയായി മാറുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇരു രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്രപരമായ നീക്കങ്ങൾ എങ്ങനെ മുന്നോട്ട് പോകുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.













