
ബെയ്ജിങ്: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ മോദി ഇന്ത്യൻ സമയം വൈകുന്നേരം നാലുമണിയോടെ ചൈനയിലെ ടിയാൻജിനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഏഴ് വർഷങ്ങൾക്ക് ശേഷം ചൈനയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
ടോക്യോയിൽനിന്ന് ബുള്ളറ്റ് ട്രെയിനിൽ അടുത്ത നഗരമായ സെൻഡായിയിൽ എത്തിയ മോദിയെ ‘മോദി സാൻ’ എന്ന് വിളിച്ച് ജാപ്പനീസ് ജനത സ്വീകരിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ മോദിക്ക് ഉച്ചവിരുന്ന് നൽകി. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനത്തിന് ജപ്പാന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് വിവിധ പ്രവിശ്യകളുടെ ഗവർണർമാരുമായുള്ള കൂടിക്കാഴ്ചയിൽ മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് മോദി ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുക. നാൽപ്പത്തിയഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന ചർച്ചയിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചും വ്യാപാര വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിക്കാൻ സാധ്യതയുണ്ട്. തുരങ്ക നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിന് ചൈന അനുമതി നൽകിയേക്കും. അമേരിക്കൻ തീരുവകളെ നേരിടാൻ, സമുദ്രോത്പന്നങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതയും ചർച്ചകളിൽ ഉയർന്നു വന്നേക്കാം.