
ഡൽഹി: ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ലഭിച്ചു. സെപ്തംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ രാഷ്ട്രപതി മോഹൻലാലിന് ഈ ബഹുമതി സമ്മാനിക്കും. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ഈ നേട്ടം കൈവരിക്കുന്ന മലയാളിയാണ് മോഹൻലാൽ.
1969 മുതൽ കേന്ദ്രസർക്കാർ നൽകിവരുന്ന ഈ പുരസ്കാരം, ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായ ദാദാസാഹേബ് ഫാൽക്കെയുടെ സ്മരണാർത്ഥമാണ് ഏർപ്പെടുത്തിയത്. 2004ൽ അടൂർ ഗോപാലകൃഷ്ണന് ഈ പുരസ്കാരം ലഭിച്ചിരുന്നു. മോഹൻലാലിന്റെ വൈവിധ്യമാർന്ന അഭിനയ മികവും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഈ അംഗീകാരം. മലയാള സിനിമയെ ആഗോളതലത്തിൽ പ്രശസ്തമാക്കുന്നതിൽ മോഹൻലാലിന്റെ പങ്ക് ഏറെ ശ്ലാഘനീയമാണ്.
മോഹൻലാലിൻ്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഐതിഹാസിക സംഭാവനകൾക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവർണ നേട്ടമാണെ’ന്നാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ കുറിച്ചിരിക്കുന്നത്. 75-ാമത് ഫാല്‍ക്കേ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.