
വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപ്രധാനമായ കെന്നഡി സെന്‍ററിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പേര് കൂടി നൽകിയതിൽ പ്രതിഷേധിച്ച് കൂടുതൽ കലാകാരന്മാർ തങ്ങളുടെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കുന്നു. ജാസ് സംഗീതജ്ഞൻ ചക് റെഡ്ഡിന് പിന്നാലെ പ്രമുഖ ജാസ് ബാൻഡായ ‘ദ കുക്കേഴ്സും’ പ്രശസ്ത ഡാൻസ് കമ്പനിയായ ‘ഡഗ് വരോൺ ആൻഡ് ഡാൻസേഴ്സും’ കേന്ദ്രത്തിൽ നിന്ന് പിന്മാറി. കഴിഞ്ഞ ആഴ്ചയാണ് കെന്നഡി സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് സ്ഥാപനത്തിന്റെ പേര് “ട്രംപ് കെന്നഡി സെന്റർ” എന്നാക്കി മാറ്റാൻ വോട്ട് ചെയ്തത്. ഇതിനെതിരെ യുഎസിൽ സാംസ്കാരിക-രാഷ്ട്രീയ തലങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ന്യൂ ഇയർ തലേന്ന് നടത്താനിരുന്ന രണ്ട് കൺസേർട്ടുകളാണ് ഈ പ്രമുഖ ജാസ് ഗ്രൂപ്പ് റദ്ദാക്കിയത്. “വിഭജനങ്ങളെ ആഴത്തിലാക്കുന്നതല്ല, മറിച്ച് അവയെ മറികടക്കുന്ന സംഗീതത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്,” എന്ന് ബാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ജാസ് സംഗീതം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നാണ് ഉണ്ടായതെന്നും ട്രംപിന്റെ പേര് ഉൾപ്പെടുത്തിയത് വംശീയതയുടെയും ആഫ്രിക്കൻ അമേരിക്കൻ സംസ്കാരത്തെ നശിപ്പിക്കുന്നതിന്റെയും ഭാഗമാണെന്നും ഗ്രൂപ്പിലെ അംഗങ്ങൾ വിമർശിച്ചു.
ഏപ്രിലിൽ നടത്താനിരുന്ന പരിപാടികളാണ് ഈ ന്യൂയോർക്ക് അധിഷ്ഠിത ഡാൻസ് ഗ്രൂപ്പ് വേണ്ടെന്ന് വെച്ചത്. “ഒരിക്കൽ മഹത്തരമായിരുന്ന ഈ സ്ഥാപനത്തിന്റെ ഉള്ളിലേക്ക് ഇനി പ്രവേശിക്കാനോ ഞങ്ങളുടെ പ്രേക്ഷകരോട് വരാൻ ആവശ്യപ്പെടാനോ ഞങ്ങൾക്ക് കഴിയില്ല,” എന്ന് അവർ വ്യക്തമാക്കി. ഈ പിന്മാറ്റം വഴി ഏകദേശം 40,000 ഡോളറിന്റെ (33 ലക്ഷത്തിലധികം രൂപ) സാമ്പത്തിക നഷ്ടമാണ് ഇവർക്ക് ഉണ്ടാകുന്നത്.
ജനുവരി 14-ന് പരിപാടി നടത്താനിരുന്ന ഫോക്ക് ഗായകി ക്രിസ്റ്റി ലീയും പിന്മാറി. “ആരുടെയെങ്കിലും അഹന്തയ്ക്ക് വേണ്ടി അമേരിക്കൻ ചരിത്രം മാറ്റിയെഴുതുമ്പോൾ ആ വേദിയിൽ നിൽക്കാൻ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല,” എന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിപാടി റദ്ദാക്കിയ ചക് റെഡ്ഡിനെതിരെ കെന്നഡി സെന്റർ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനൽ 1 ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കലാകാരന്മാരുടെ പിന്മാറ്റത്തെ ‘രാഷ്ട്രീയ നാടകം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.














