
വാഷിംഗ്ടണ്‍ : യുഎസില്‍ മരിച്ചവരുടെ പട്ടികയില്‍ 6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ഒരു വശത്ത് തീരുവ യുദ്ധം കനക്കുമ്പോള്‍ മറുവശത്ത് അനധികൃത കുടിയേറ്റക്കാരെ യുഎസില്‍ നിന്നും നാടുകടത്താന്‍ കടുത്ത നീക്കം നടത്തുകയാണ് ട്രംപ് ഭരണകൂടം. അതിന്റെ ഭാഗമായാണ് ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെ ലിസ്റ്റിലാക്കിയത്. ഇതോടെ, ഈ കുടിയേറ്റക്കാരെ സ്വയം നാടുകടത്തലിലേക്ക് തള്ളിവിടാനും അവരുടെ മാതൃരാജ്യങ്ങളിലേക്ക് മടങ്ങാനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ട്രംപിന്റെ ‘മരണ ലിസ്റ്റില്‍’ ഉള്‍പ്പെട്ടവരുടെ നിയമപരമായുള്ള സാമൂഹിക സുരക്ഷാ നമ്പറുകള്‍ റദ്ദാക്കിയിട്ടുണ്ട്. യുഎസ് പൗരന്മാര്ക്കും, സ്ഥിര താമസക്കാര്‍ക്കും, താല്‍ക്കാലിക ജോലി ചെയ്യുന്ന താമസക്കാര്‍ക്കും ഗവണ്മെന്റ് നല്കുന്ന ഒമ്പത് അക്ക നമ്പറുകളാണ് സാമൂഹിക സുരക്ഷാ നമ്പറുകള്‍. ഈ നമ്പറുകള്‍ റദ്ദാക്കിയതോടെ, ഇവര്‍ക്ക് ഇനി, ജോലി ചെയ്യാനോ ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ചെയ്യില്ല. വരുമാനവും സാമൂഹിക സുരക്ഷാ സംവിധാനത്തിലേക്കുള്ള സംഭാവനകളും ട്രാക്ക് ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഈ നമ്പറുകള്‍ ഉപയോഗിക്കുന്നു.
ഈ മനുഷ്യരുടെ സാമൂഹിക സുരക്ഷ തന്നെ ഇതോടെ അവതാളത്തിലായിരിക്കുകയാണ്. കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകള്‍ ഇല്ലാതാക്കുന്നതിലൂടെ, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളില്‍ നിന്നും അവരെ ഫലപ്രദമായി വിച്ഛേദിക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.