ട്രംപിന്‍റെ അമേരിക്ക വേണ്ട, കാനഡയിൽ അഭയാർത്ഥി പദവിക്കായി അപേക്ഷിച്ച യുഎസ് പൗരന്മാരുടെ എണ്ണം ഉയരുന്നു

ഒട്ടാവ: കാനഡയിൽ അഭയാർത്ഥി പദവിക്കായി അപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണം ഉയരുന്നു. ഈ വർഷം ആദ്യ പകുതിയിലെ എണ്ണം 2024-ൽ ആകെ അപേക്ഷിച്ചവരേക്കാൾ കൂടുതലെന്നാണ് റിപ്പോർട്ട്. 2019-ന് ശേഷം ഒരു വർഷം മുഴുവൻ രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന നിരക്കാണിതെന്നും കാനഡയുടെ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഏകദേശം 55,000 അഭയാർത്ഥി അപേക്ഷകരിൽ 245 പേർ മാത്രമാണ് അമേരിക്കയിൽ നിന്നുള്ളവർ. ഇത് ആകെ അപേക്ഷകരുടെ ചെറിയൊരു ശതമാനം മാത്രമാണ്. ചരിത്രപരമായി നോക്കിയാൽ, കാനഡ യുഎസ് അഭയാർത്ഥി അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത് വളരെ കുറവാണ്. കൂടാതെ, യു.എസിൽ നിന്ന് അതിർത്തി കടന്ന് വരുന്ന അഭയാർത്ഥികളെ ഉഭയകക്ഷി കരാർ പ്രകാരം തിരിച്ചയയ്ക്കാറുണ്ട്. ഒരു സുരക്ഷിത രാജ്യത്ത് ആദ്യം എത്തുമ്പോൾ അവിടെ അഭയാർത്ഥി പദവിക്ക് അപേക്ഷിക്കണം എന്ന നിബന്ധനയാണ് ഇതിന് കാരണം.

കഴിഞ്ഞ വർഷം, തങ്ങൾക്ക് പീഡനം നേരിട്ടത് അമേരിക്കയിലാണെന്ന് ചൂണ്ടിക്കാട്ടി 204 പേരാണ് കാനഡയിൽ അഭയാർത്ഥി പദവിക്ക് അപേക്ഷിച്ചത്. മുൻ ട്രംപ് ഭരണകാലത്തും യുഎസിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.