
വാഷിംഗ്ടൺ: തൊഴിൽ ദിന വാരാന്ത്യത്തിൽ ചിക്കാഗോയിൽ നടന്ന വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും 54 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ, ചിക്കാഗോയെ ‘ലോകത്തിലെ ഏറ്റവും അപകടകരമായ നഗരം’ എന്ന് വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് വെടിവെപ്പ് നടന്നത്. ബ്രോൺസ്‌വില്ലെ ഏരിയയിലുണ്ടായ വെടിവെപ്പിൽ ഏഴുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച ഉച്ചവരെ 32 വെടിവെപ്പുകളാണ് നടന്നത്. സ്വന്തം വീട്ടിൽ വെച്ച് 17 വയസ്സുകാരിക്ക് വെടിയേറ്റതും, വെടിവെപ്പിൽ നിരവധി ആളുകൾക്ക് പരിക്കേറ്റതും ഈ സംഭവങ്ങളിലുൾപ്പെടുന്നു.
ഇല്ലിനോയിസ് ഗവർണർ ജെബി പ്രിറ്റ്സ്കർക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “ചിക്കാഗോ ലോകത്തിലെ ഏറ്റവും മോശപ്പെട്ടതും അപകടകരവുമായ നഗരമാണ്. പ്രിറ്റ്സ്കറിന് വലിയ സഹായം ആവശ്യമാണ്, പക്ഷേ അത് അദ്ദേഹത്തിന് ഇതുവരെ മനസ്സിലായിട്ടില്ല. ഞാൻ ഡിസിയിൽ ചെയ്തതുപോലെ, കുറ്റകൃത്യങ്ങൾ അതിവേഗം പരിഹരിക്കും. ചിക്കാഗോ വീണ്ടും സുരക്ഷിതമാകും. അമേരിക്കയെ വീണ്ടും മഹത്തുള്ളതാക്കുക” (MAKE AMERICA GREAT AGAIN!) എന്നും അദ്ദേഹം കുറിച്ചു.
ചിക്കാഗോയെ ‘കൊലപാതക തലസ്ഥാനം’ എന്നും ട്രംപ് വിശേഷിപ്പിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് ചിക്കാഗോയിൽ വെടിവെപ്പ് ഉണ്ടാകുന്നത്. ഇത് ട്രംപും സംസ്ഥാന അധികാരികളും തമ്മിലുള്ള തർക്കത്തിന് ആക്കം കൂട്ടി. ഫെഡറൽ ഏജന്റുമാരെയും നാഷണൽ ഗാർഡ് സൈനികരെയും വിന്യസിക്കുമെന്ന ട്രംപിന്റെ ഭീഷണി ‘അഭൂതപൂർവ്വം, നിയമവിരുദ്ധം, അമേരിക്കൻ വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച് പ്രിറ്റ്സ്കർ നേരത്തെ തള്ളി കളഞ്ഞിരുന്നു.














