”പതിവ് പരിശോധനയുടെ ഭാഗമായി എംആര്‍ഐകള്‍ ഒരിക്കലും നടത്താറില്ല” ; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നിലെ കാരണം ഇതാകാം, വ്യക്തമാക്കി പ്രമുഖ കാര്‍ഡിയോളജിസ്റ്റ്

വാഷിംഗ്ടണ്‍ : ഈ വര്‍ഷം താന്‍ നടത്തിയ വാര്‍ഷിക പരിശോധനകളുടെ ഭാഗമായി എം.ആര്‍.ഐ സ്‌കാന്‍ എടുത്തിരുന്നുവെന്ന് ഇക്കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തിയത്. പിന്നാലെ ഇത് ചര്‍ച്ചയാകുകയും ചെയ്തു. സാധാരണനിലയില്‍ പ്രസിഡന്റുമാര്‍ വര്‍ഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ സമഗ്രമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകുക. എന്നാല്‍ ആ പതിവുതെറ്റിച്ചാണ് ട്രംപ് രണ്ടുപ്രാവശ്യം പരിശോധന നടത്തിയത്.

ട്രംപ് ന്യൂറോളജിക്കല്‍, അല്ലെങ്കില്‍ ഹൃദയ സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കാരണമാകാം നിശബ്ദമായി ഒരു എംആര്‍ഐ സ്‌കാന്‍ നടത്തിയതെന്നാണ് യിഎസിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ. ജോനാഥന്‍ റെയ്നര്‍ അഭിപ്രായപ്പെടുന്നത്. ഇദ്ദേഹം ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ മെഡിസിന്‍ പ്രൊഫസറാണ്. മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനിയുടെ കാര്‍ഡിയോളജിസ്റ്റ് കൂടിയായിരുന്നു ഇദ്ദേഹം.

പതിവ് പരിശോധനയുടെ ഭാഗമായി എംആര്‍ഐകള്‍ ഒരിക്കലും നടത്താറില്ലെന്നും ഇത് ട്രംപിന്റെ രോഗ ലക്ഷണങ്ങള്‍ കാരണം നിര്‍ബന്ധിതമായി ചെയ്തിരിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സിഎന്‍എന്നിനോടാണ് റെയ്നര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു എംആര്‍ഐ എടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ചില ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ ട്രംപില്‍ കണ്ടിരിക്കാം. പ്രസിഡന്റ് എന്തിനാണ് പരിശോധനയ്ക്ക് വിധേയനായത്, അദ്ദേഹം ഏതൊക്കെ കണ്‍സള്‍ട്ടന്റുകളെയാണ് കണ്ടത്, പരിശോധനയുടെ ഫലം എന്തായിരുന്നു? ഇതെല്ലാം പൊതുജനങ്ങളോട് പറയണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരില്‍ ഒരാളാണ് 79 വയസ്സുള്ള ട്രംപ്. ഈ മാസം ആദ്യം നടത്തിയ വാള്‍ട്ടര്‍ റീഡ് സന്ദര്‍ശനത്തില്‍ എന്തുകൊണ്ടാണ് എംആര്‍ഐ എടുത്തതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. കാരണം അറിയണമെങ്കില്‍ ഡോക്ടര്‍മാരോട് ചോദിക്കാനാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സാധാരണയായി, പ്രസിഡന്റുമാര്‍ ഒരു വര്‍ഷത്തില്‍ ഒരു സമഗ്ര പരിശോധനയാണ് നടത്താറുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ട്രംപ് ഈ വര്‍ഷം രണ്ടാമതും ആശുപത്രി സന്ദര്‍ശിച്ചത് എന്തുകൊണ്ടാണെന്ന് വൈറ്റ് ഹൗസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

‘MRIs are never performed as part of routine checkups’ says prominent cardiologist on Trump’s revelation.

More Stories from this section

family-dental
witywide