കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയ; നഷ്ടപ്പെട്ടത് ഒമ്പത് വിരലുകൾ

തിരുവനന്തപുരം: കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ എം എസ് നീതു. വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയപ്പിഴവിനെത്തുടർന്നാണ് കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടത്. ശസ്ത്രക്രിയെ തുടർന്ന് ഒമ്പത് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നൽകിയില്ലെന്നും നീതു പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്നും വിദഗ്ധ ചികിത്സ നൽകിയിരുന്നുവെങ്കിൽ വിരലുകൾ മുറിച്ചു മാറ്റേണ്ടി വരില്ലായിരുന്നുവെന്ന് നീതു പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ലഭിക്കേണ്ട യാതൊരു പരിചരണവും ആശുപത്രിയിൽ നിന്ന് ലഭിച്ചില്ല. അതിസങ്കീർണമായ ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തിയില്ല. തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെല്ലാം ഡോക്ടർ അടക്കം നിസ്സാരമായി കണ്ടെന്നും നീതു വെളിപ്പെടുത്തി.

സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഫെബ്രുവരി 22നാണ് അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്കായി നീതു കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിയിൽ എത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടർന്നാണ് 9 വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. അണുബാധയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ ഇപ്പോഴും നീതു വിദഗ്ധ ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കായി ഇതുവരെ 30 ലക്ഷം രൂപയാണ് ചെലവായതെന്നും ഐടി ജീവനക്കാരിയായിരുന്ന നീതുവിന് നിലവില്‍ ജോലിയില്‍ തുടരാനോ നിത്യജീവിതത്തിലെ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും നീതു മാധ്യമങ്ങളോട് പറഞ്ഞു. കോസ്മെറ്റിക് ക്ലിനിക്കിനെതിരെ നീതുവിന്റെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിൻ്റെ ക്ലിനിക്കൽ രജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു. ലൈസൻസിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്.

More Stories from this section

family-dental
witywide