
എറണാകുളം: കേരളത്തീരത്ത് വെച്ച് കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ മുങ്ങിയ അപകടത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നൽകുന്നത് പ്രായോഗികമല്ലെന്ന് എം എസ് സി കമ്പനി.ഹൈക്കോടതിയിലാണ് കപ്പൽ കമ്പനി തങ്ങളുടെ നിലപാട് അറിയിച്ചത്. സംസ്ഥാന സർക്കാർ 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപരിഹാരമായി നൽകാനാകില്ലെന്ന് കപ്പൽ കമ്പനി അറിയിച്ചത്.
അങ്ങനെയെങ്കിൽ പ്രാഥമികമായി എത്ര തുക കെട്ടിവയ്ക്കാൻ കഴിയും എന്നറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സർക്കാർ നൽകിയ കേസിന്‍റെ ഭാഗമായി എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുളള കപ്പൽ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചിരുന്നു. ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തുളള കപ്പലിന്‍റെ അറസ്റ്റ് തുടരുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഹർജി അടുത്തമാസം ആറിന് വീണ്ടും പരിഗണിക്കും.
മെയ് 24 ശനിയാഴ്ച്ചയാണ് കേരളാ തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ എം എസ് സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ അറബിക്കടലില്‍ ചരിഞ്ഞത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനുള്‍പ്പെടെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലില്‍ നിന്ന് നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചിരുന്നു. ഇവയില്‍ 54 എണ്ണം തീരത്തടിഞ്ഞു. കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങി. 643 കണ്ടെയ്നറുകളാണ് എം.എസ്.സി എൽസ-3 എന്ന കപ്പലിലുണ്ടായിരുന്നത്. അപകടകാരികളായ രാവസ്തുക്കളും കപ്പലിൽ ഉണ്ടായിരുന്നു. സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ഗുരുതരമായ ദോഷം വരുത്തുന്നവയാണ് ഇവ.