
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും രണ്ട് പേര്‍ മരിക്കുകയും 20 ഓളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.
കാംഗ്ര ജില്ലയിലെ മനുനി ഖാഡില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവിടുത്തെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ദിരാ പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതി സ്ഥലത്തുണ്ടായിരുന്ന20 ഓളം തൊഴിലാളികളെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്.
മഴ കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ സ്ഥലത്തിനടുത്തുള്ള താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ വിശ്രമിക്കുന്നതിനിടെ മനുനി ഖാഡില്‍ നിന്നും സമീപത്തുള്ള ഡ്രെയിനുകളില്‍ നിന്നുമുള്ള മലവെള്ളപ്പാച്ചില്‍ തൊഴിലാളികളെ ഒഴുക്കിക്കൊണ്ടുപോയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു. കുളുവില്‍ കാറുകളും ട്രക്കുകളും ഒഴുക്കില്‍പ്പെട്ടു. കുളുവിലെ ജീവന്‍ നള്ള, രെഹ്ല ബിഹാല്‍, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്.
തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ സ്ഥലത്തുണ്ട്.