
മുംബൈ: ഇലോൺ മസ്ക് ടെസ്‍ല ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ വിപണി ലോകത്തെ സംസാര വിഷയം. മസ്കിന്റെ വരവ് ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കളെ കാര്യമായി ബാധിക്കുമെന്നുള്ള ആശങ്ക മുതൽ പല തരത്തിലുള്ള പരിഹാസങ്ങളുമൊക്കെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ടെസ്‌ലയെ എങ്ങനെ നേരുടുമെന്ന ചോദ്യത്തിന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇലോൺ മസ്‌ക്, ടെസ്‌ലയെ ഇന്ത്യൽ എത്തിക്കുമ്പോഴുണ്ടാകുന്ന മത്സരം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നും അതിനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടോയെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയോടുള്ള ചോദ്യം.
1991-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വിദേശ നിക്ഷേപങ്ങൾ അനുവദിച്ചതോടെ നിരവധി വിദേശ വാഹന നിർമാതാക്കൾ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ആ കാലഘട്ടത്തിലും ഇതേ ചോദ്യങ്ങൾ ഞങ്ങൾ കേട്ടിരുന്നുവെന്നാണ് ആനന്ദ് മഹീന്ദ്രയുടെ മറുപടി.ടാറ്റ, മാരുതി, മറ്റ് ബഹുരാഷ്ട്ര കമ്പനികൾ തുടങ്ങിയവയോട് നിങ്ങൾ എങ്ങനെ മത്സരിക്കുമെന്നായിരുന്നു അക്കാലത്തെ ചോദ്യങ്ങൾ. എന്നാൽ, ഞങ്ങൾ ഇപ്പോഴും ഇവിടെയൊക്കെ തന്നെയുണ്ടെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‌ല ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഇതിനായി ഭൂമി തേടിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.