ശരിക്കും ട്രംപിനെ കുത്തുന്ന മുനയുള്ള എക്സ് പോസ്റ്റുമായി മസ്ക്! ജെഫ്രി എപ്‌സ്റ്റൈൻ വിവാദം കത്തുന്നു, പീഡോഫൈൽ അറസ്റ്റുകളുടെ എണ്ണം പൂജ്യമെന്ന് ടെസ്‍ല സിഇഒ

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈൻ വീണ്ടും വാര്‍ത്തകളിൽ നിറയുന്നു. ജെഫ്രി എപ്‌സ്റ്റൈൻ ശക്തരായ വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതിനായി ഒരു ക്ലയിന്‍റ് ലിസ്റ്റ് സൂക്ഷിച്ചിരുന്നില്ലെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഇടഞ്ഞ ശതകോടീശ്വരൻ ഇലോൺ മസ്ക്, വിവാദം വീണ്ടും ആളിക്കത്തിച്ചു. ട്രംപിന്‍റെ പേര് ലൈംഗിക കുറ്റവാളിയുടെ മുദ്രവെച്ച രേഖകളിൽ ഉണ്ടെന്ന് പറയാതെ പറയുകയാണ് മസ്ക്. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് (DOJ),ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) എന്നിവയുടെ മെമ്മോ എപ്സ്റ്റൈന്‍റെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കി ശേഷം, എപ്സ്റ്റൈൻ കേസിൽ അറസ്റ്റുകളൊന്നും നടന്നിട്ടില്ലെന്ന് എടുത്തു കാണിക്കാൻ ടെസ്‌ലയുടെയും സ്പേസ് എക്‌സിൻന്‍റെ സിഇഒ എക്സിൽ ഒരു “അറസ്റ്റ് കൗണ്ടർ” പോസ്റ്റ് ചെയ്തു.

“സമയം എത്രയായി? ഓ, ആരും അറസ്റ്റിലായിട്ടില്ലാത്ത സമയമായിരിക്കുന്നു,” എന്ന് മസ്ക് എഴുതി. അതോടൊപ്പം, “ഔദ്യോഗിക ജെഫ്രി എപ്സ്റ്റൈൻ പീഡോഫൈൽ അറസ്റ്റ് കൗണ്ടർ: 0 0 0 0” എന്ന് രേഖപ്പെടുത്തിയ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. പ്രസിഡന്‍റുമായുള്ള പരസ്യമായ തർക്കത്തിന് ശേഷം, ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക്, ഡോണൾഡ് ട്രംപിനെ എപ്‌സ്റ്റൈനുമായി ബന്ധപ്പെടുത്തി ഒരു എക്സ് പോസ്റ്റ് മുമ്പ് ഇട്ടിരുന്നു. എന്നാൽ, പിന്നീട് ഈ ആരോപണം താൻ കൂടുതൽ കടന്നുപോയി എന്ന് പറഞ്ഞ് അദ്ദേഹം ഡിലീറ്റ് ചെയ്യുകയായിരുന്നു.

എന്നാൽ, ട്രംപിന്‍റെ പേര് എപ്‌സ്റ്റൈൻ ഫയലുകളിൽ ഉൾപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രസിഡന്‍റും ലൈംഗിക കുറ്റവാളിയായിരുന്ന എപ്‌സ്റ്റൈനും 1990-കളിൽ ഒരേ പാർട്ടികളിൽ പങ്കെടുത്തിരുന്ന സുഹൃത്തുക്കളും അയൽവാസികളുമായിരുന്നു. 2017ലെ ഒരു അഭിമുഖത്തിൽ, താൻ ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്ന് എപ്‌സ്റ്റൈൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, 2019ൽ ട്രംപ് താൻ 15 വർഷമായി ജെഫ്രിയോട് സംസാരിച്ചിട്ടില്ലെന്നും 2000-കളുടെ തുടക്കത്തിൽ എപ്‌സ്റ്റൈനെ തന്‍റെ ഗോൾഫ് റിസോർട്ടുകളിൽ നിന്ന് വിലക്കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

Also Read

More Stories from this section

family-dental
witywide