ഇത് സമ്പന്നരാകാനുള്ള മികച്ച സമയമെന്ന് ട്രംപ്; ‘എന്തു വന്നാലും നയങ്ങളിൽ ഒരു മാറ്റവുമില്ല’, ചൈനയ്ക്ക് കടുത്ത മറുപടിയും

വാഷിംഗ്ടൺ: യുഎസ് കൊളുത്തിവിട്ട താരിഫ് യുദ്ധം കടുക്കുന്നതിനിടെ തന്‍റെ നയങ്ങളിൽ ഒരിക്കലും മാറ്റം വരുത്തില്ലെന്ന് ആവര്‍ത്തിച്ച് ട്രംപ്. ഓഹരി വിപണി കുത്തനെ ഇടിയുകയും യുഎസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ചുമത്തിയുള്ള ചൈന തിരിച്ചടി വന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. ഇത് സമ്പന്നരാകാനുള്ള മികച്ച സമയമാണ് എന്നും ട്രംപ് അവകാശപ്പെട്ടു. ‘അമേരിക്കയിലേക്ക് വന്ന് വലിയ തുക നിക്ഷേപിക്കുന്ന നിരവധി നിക്ഷേപകരോട്, എന്‍റെ നയങ്ങളിൽ ഒരിക്കലും മാറ്റം വരില്ല. മുമ്പെങ്ങുമില്ലാത്തവിധം സമ്പന്നരാകാനുള്ള മികച്ച സമയമാണിത്’ – ട്രംപ് പറഞ്ഞു. തന്‍റെ താരിഫ് വർദ്ധനവിനോട് ചൈന തിരിച്ചടിച്ചതിലൂടെ അവർ ‘തെറ്റായി കളിച്ചു’ എന്നും ട്രംപ് കുറ്റപ്പെടുത്തി.

ഏപ്രിൽ 10 മുതൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 34 ശതമാനം തീരുവ ചുമത്താനാണ് ചൈന തീരുമാനിച്ചിട്ടുള്ളത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ തീരുവകൾക്ക് മറുപടിയായാണ് ഈ നടപടി എന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. “അമേരിക്ക ഏകപക്ഷീയമായ തീരുവ നടപടികൾ ഉടനടി റദ്ദാക്കണമെന്നും തുല്യവും, ബഹുമാനപൂർണ്ണവും, പരസ്പര ഗുണകരവുമായ ചർച്ചകളിലൂടെ വ്യാപാരപരമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ചൈന അഭ്യർത്ഥിക്കുന്നു,” എന്ന് ധനകാര്യ മന്ത്രാലയം പറഞ്ഞു.

More Stories from this section

family-dental
witywide