നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി : ഹൈന്ദവ സംഘടനകളുമായി പൊലീസ് ചര്‍ച്ച നടത്തും; രണ്ട് ദിവസം കഴിഞ്ഞ് കല്ലറ പൊളിക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വയോധികന്റെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത തുടരുന്നു. ഗോപന്‍ സ്വാമിയെന്ന 81 കാരന്‍ സമാധിയായെന്ന മക്കളുടെയും കുടുംബത്തിന്റെയും വാദങ്ങളില്‍ സംശയങ്ങള്‍ ഇനിയും ബാക്കിയാണ്.

ഗോപന്‍ സ്വാമിയുടെ ‘ദുരൂഹ സമാധി’ രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളില്‍ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചര്‍ച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്. കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം. എന്നാല്‍ സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ഗോപന്‍ സ്വാമി ഇക്കഴിഞ്ഞ വ്യഴാഴ്ച സമാധിയായതായുള്ള പോസ്റ്റര്‍ വീടിന് സമീപം പതിച്ചപ്പോഴാണ് മരണ വിവരം പുറം ലോകം അറിഞ്ഞത്.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ ആദ്യം രാജസേനന്‍ പറഞ്ഞത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴി.

നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാരാണ് പരാതി നല്‍കിയിരിക്കുന്നത്.

More Stories from this section

family-dental
witywide