
വാഷിങ്ടൺ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഉപദേശകൻ ഇലോൺ മസ്കിൻറെ ചെലവുചുരുക്കൽ നിർദേശങ്ങൾ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും നടപ്പാക്കി തുടങ്ങി. വിവിധ വകുപ്പുകളിൽ നിന്ന് നാസ ജീവനക്കാരുടെ പിരിച്ചുവിടാൻ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. പല ഓഫിസുകളും പൂട്ടുമെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുഎസ് സർക്കാരിൻറെ ചെലവു ചുരുക്കുന്നതിനായി മസ്ക് നേതൃത്വം നൽകുന്ന വകുപ്പായ ഡിപാർട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡോജ്) വിവിധ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ജീവനക്കാരെ വെട്ടിച്ചുരുക്കലാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും കടുത്തതുമായ നിർദേശം. എല്ലാ സർക്കാർ വകുപ്പുകൾക്കും ജീവനക്കാരെ ചുരുക്കാനുള്ള നിർദേശം മസ്ക് നൽകിയിട്ടുണ്ട്. നാസ അംഗബലം കുറക്കൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ആക്ടിങ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ ജീവനക്കാർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ പറയുന്നു. പുന:ക്രമീകരണങ്ങളുടെ ഭാഗമായി ചില ഓഫിസുകൾ പൂട്ടുമെന്നും പെട്രോ അറിയിച്ചിട്ടുണ്ട്.














