
മെംഫിസിൽ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനായി ടെന്നസി നാഷണൽ ഗാർഡ് സേനാംഗങ്ങളെ വിന്യാസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം നടത്തുന്ന നീക്കത്തിൻറെ ഭാഗമായാണ് മെംഫിസിലേക്കും നാഷണൽ ഗാർഡ് എത്തുന്നത്. വെള്ളിയാഴ്ച മെംഫിസിൽ ടെന്നസി നാഷണൽ ഗാർഡ് യൂണിറ്റുകൾ അണിനിരക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ മൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും നാഷണൽ ഗാർഡിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇല്ലിനോയിലും ഒറിഗോണിലും സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് കോടതിയിൽ പോരാട്ടം തുടരുകയാണ്. അവിടുത്തെ സംസ്ഥാന ഗവർണർമാർ പ്രതിഷേധിവുമായി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. വ്യാഴാഴ്ച, ഷിക്കാഗോയിലെ ഒരു ജഡ്ജി ഇല്ലിനോയിൽ സൈനികരെ വിന്യസിക്കുന്നത് താൽക്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, മെംഫിസിലെ ടെന്നസി ഗാർഡിന്റെ ദൗത്യത്തിന് ടെന്നസി ഗവർണർ ബിൽ ലീ അംഗീകാരം നൽകി. 150 ഗാർഡ്‌സ്മാൻമാർ 13 ഫെഡറൽ ഏജൻസികളും സംസ്ഥാന ഏജൻസികളും മെംഫിസ് പൊലീസ് വകുപ്പും ഉൾപ്പെടുന്ന ഒരു ടാസ്‌ക് ഫോഴ്‌സിൽ ചേരും.
എഫ്‌ബിഐ ഡാറ്റ പ്രകാരം, 2024-ൽ മെംഫിസിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമ കുറ്റകൃത്യ നിരക്ക് രേഖപ്പെടുത്തിയതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. എന്നാൽ, പുതുക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം നഗരവ്യാപകമായ കുറ്റകൃത്യങ്ങളിൽ സ്ഥിരമായ കുറവുണ്ടായതായി മെംഫിസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കുറ്റകൃത്യങ്ങളിൽ വർഷം തോറും 16% കുറവുണ്ടായതായി പറയുന്നു.