
ഡൽഹി: കോൺഗ്രസിന് വലിയ കുരുക്കായി മാറിയ നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയാണ് ഒന്നാം പ്രതി. മകനും രാജ്യത്തിന്‍റെ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധിയാണ് രണ്ടാം പ്രതി. 5000 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖകളിലൂടെ എ ജെ എല്ലിന്‍റെ ഭൂമി തട്ടിയെടുത്തു, യംഗ് ഇന്ത്യ കമ്പനി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല, അങ്ങനെ നിരവധി കുറ്റങ്ങളാണ് ഇ ഡി നിരത്തിയിട്ടുള്ളത്. എന്നാല്‍ കെട്ടിച്ചമച്ച കേസാണെന്നും, പ്രതികാര രാഷ്ട്രീയമാണെന്നും പ്രതികരിച്ച കോണ്‍ഗ്രസ്, രാജ്യവ്യാപകമായി പ്രതിഷേധം കനപ്പിക്കാനുള്ള തീരുമാനത്തിലാണ്.
വിശദവിവരങ്ങൾ ഇങ്ങനെ
2014 ല്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സി ബി ഐയും ഇ ഡിയും അന്വേഷണം തുടങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടമാരായ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. 2000 കോടിക്കടുത്ത് വിലവരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ സ്വത്ത് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തുനെന്നുവെന്നായിരുന്നു ആരോപണം. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള സാംപിത്രോദ, സുമന്‍ ഡേ എന്നിവരും പ്രതികളാണ്. 5000 കോടിയുടെ അഴിമതി നടന്നുവെന്നും യംഗ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി 25 ന് കുറ്റപത്രം അംഗീകരിക്കുന്നതില്‍ വാദം കേള്‍ക്കും.
ഇഡി ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം
സോണിയ ഗാന്ധിക്കും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16 ന് രാജ്യമെമ്പാടുമുള്ള ഇ ഡി ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ബി ജെ പിയുടെ വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം കേസുകളുമായി മുന്നോട്ട് പോകുന്നത്. കേസെടുത്തത് കൊണ്ടൊന്നും കോണ്‍ഗ്രസ് – ബി ജെ പിക്കെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ പോകുന്നില്ല. കൂടുതല്‍ കരുത്തോടെ പോരാടാനുള്ള ഊര്‍ജ്ജം പകരുകെയുള്ളൂ. രാജ്യത്തിനായി ജീവിച്ച് രക്തം നല്‍കിയ കുടുംബത്തിന്റെ അംഗങ്ങളാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എന്നത് ബി ജെ പി മറക്കരുതെന്നും വേണുഗോപാല്‍ പറഞ്ഞു.