നാഷനല്‍ ഹെറാള്‍ഡ് കേസ് : സോണിയയുടെയും രാഹുലിന്റെയുമടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടിയതില്‍ തുടര്‍നടപടിയുമായി ഇ.ഡി.

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതില്‍ തുടര്‍നടപടിയുമായി ഇ.ഡി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ പ്രോപ്പര്‍ട്ടി റജിസ്ട്രാര്‍മാര്‍ക്ക് ഏപ്രില്‍ 11നാണ് ഇ.ഡി നോട്ടിസ് അയച്ചിരിക്കുന്നത്.

2014 ല്‍ ഡല്‍ഹി കോടതിയില്‍ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നാണ് 2021 ല്‍ കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്. നാഷനല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്.

2023 നവംബറില്‍, ഡല്‍ഹി മുംബൈ, ലഖ്നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎല്‍ ഓഹരികളും ഇ.ഡി താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഹെറാള്‍ഡ് ഹൗസിലെ ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് പ്രോജക്ട്‌സിന് പ്രത്യേക നോട്ടിസ് നല്‍കിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടകയും ഇ.ഡിയില്‍ നേരിട്ട് നിക്ഷേപിക്കാനാണ് നിര്‍ദേശം.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് യങ് ഇന്ത്യന്‍ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനയിലൂടെ ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.

More Stories from this section

family-dental
witywide