
ശബരിമല : മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ അസാധാരണ തിരക്കില്‍ ശബരിമല. ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകരാണ്. അപകടകരമായ രീതിയില്‍ ഭക്തജന തിരക്കുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഭക്തര്‍ പലരും ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനായി കടന്നുവരുന്നുവെന്നും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരക്കു നിയന്ത്രണത്തിൻറെയും സുരക്ഷയുടേയും ഭാഗമായി കേന്ദ്രസേന ഇന്നെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരാണ്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് ( വൃശ്ചികം 1) 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്.
അപകടകരമായ രീതിയിലുള്ള തിരക്കാണെന്നും ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ലെന്നും ജയകുമാര്‍ പറയുന്നു. ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. അതേസമയം ദര്‍ശനം കിട്ടാതെ ചില ഭക്തര്‍ മടങ്ങിയെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പലരും പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് മടങ്ങിയതെന്നാണ് വിവരം.
Nearly two lakh pilgrims have arrived Sabarimala so far.













